കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണം: കൊടിക്കുന്നില്‍
1536436
Tuesday, March 25, 2025 11:59 PM IST
മാവേലിക്കര: ജില്ലാ കളക്ടറേറ്റില്‍ രണ്ടു ദളിത് ജീവനക്കാര്‍ക്കെതിരേ ജാതി വിവേചനം നടപ്പിലാക്കിയെന്ന പരാതി അങ്ങേയറ്റം ഗൗരവകരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമ്പോഴും അതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നത് ദുഃഖകരമാണ്.
ദളിതരായതിനാല്‍ പ്രത്യേക ഹാജര്‍ പുസ്തകം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. ഇത്തരം സംഭവങ്ങള്‍ കേരള സമൂഹത്തിന് അപമാനമാണ്. എന്നാല്‍, ഭീഷണി, ഭയം, പീഡനം എന്നിവയെത്തുടര്‍ന്ന് പലരും പരാതിയുമായി മുന്നോട്ടുവരാറില്ല. അതിനാല്‍, ഇത്തരം വിവേചന സംഭവങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുകയും അതിനോട് ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണം. കൂടാതെ, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. ഭരണഘടനാപരമായ സംരക്ഷണങ്ങളെയും നിയമനടപടികളെയും അവഗണിച്ച്, തൊഴില്‍ സ്ഥലങ്ങളില്‍ പോലും ദളിതരെ വേര്‍തിരിച്ചു കാണാനുള്ള മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല.
ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവം അല്ല. സമാനമായ സാഹചര്യം പല ഓഫീസുകളിലും ഉണ്ടെന്ന് അറിയാം. ഇതിനെതിരേ ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, ഭരണസംവിധാനങ്ങള്‍ തന്നെ വര്‍ഗീയ ചിന്താഗതികള്‍ക്കു വഴിമാറുന്ന സാഹചര്യമാകും. അതിനാല്‍, സര്‍ക്കാരും ഭരണകൂടവും ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.