പടനിലം മിനി സ്റ്റേഡിയം പൂർത്തിയായില്ല; പ്രതിഷേധവുമായി നാട്ടുകാർ
1536429
Tuesday, March 25, 2025 11:59 PM IST
ചാരുംമൂട്: പടനിലം മിനി സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനെതിരേ നാട്ടുകാരായ കായിക പ്രേമികൾ പ്രതിഷേധവുമായി രംഗത്ത്. 2011- 2016 കാലഘട്ടത്തിൽ ആർ. രാജേഷ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് നൂറനാട് പഞ്ചായത്തിലെ പടനിലം ജംഗ്ഷനിലെ മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 22 ലക്ഷം രൂപ അനുവദിച്ചത്.
2022 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കേണ്ട സ്റ്റേഡിയമാണിതെന്ന് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
എന്നാൽ, 2025 ആയിട്ടും സ്റ്റേഡിയത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. കായികപ്രേമികൾ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. കരാറുകാരൻ സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ വിവരാവകാശ രേഖയിൽ പറയുന്നത്.
സംരക്ഷണഭിത്തി നിർമാണം, ഓടനിർമാണം, ഗ്രൗണ്ട് ഫില്ലിംഗ് എന്നിവയാണ് ടെണ്ടറിൽ ഉൾപ്പെടുത്തിയിരുന്നത്. 3,20,730 രൂപ ഇതുവരെ ചെലവായിട്ടുണ്ടന്നും ഉദ്യോഗസ്ഥർ പറയുന്നു. 2021 ജൂലൈ വരെ മാത്രമേ അനുവദിച്ച ഫണ്ടിന് കാലാവധി ഉള്ളൂവെന്നും വിവരാവകാശ നിയമ പ്രകാരം നാട്ടുകാർ ചോദിച്ചതിന് മറുപടിയായി പറയുന്നു. അനുവദിച്ച തുക വക മാറ്റി ചെലവഴിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനുവേണ്ടി അനുവദിച്ച തുകയുടെ ബാക്കി എന്ത് ചെയ്തുവെന്ന് ബന്ധപ്പെട്ടവർ മറുപടി തരാത്തതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. അനേകം കായിക പ്രേമികളുള്ള നൂറനാട് പഞ്ചായത്തിലെ പടനിലം മിനി സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സ്ഥലം എംഎൽഎ അടിയന്തരമായി ഇടപെട്ട് മുടങ്ങിക്കിടക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നിർമാണം പുനരാരംഭിച്ച് പൂർത്തിയാക്കാൻ നടപടി കൈക്കൊള്ളണമെന്ന് കായികപ്രേമികൾ ആവശ്യപ്പെട്ടു.