ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായി നടപ്പാക്കണം; കെ.സി. വേണുഗോപാല്‍ എംപി
1496158
Friday, January 17, 2025 11:25 PM IST
ചേര്‍ത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സറേ യൂണിറ്റും കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി സംവിധാനവും തുടങ്ങി. മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കെ.സി. ണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍നിന്നും തുടച്ചുനീക്കപ്പെട്ടെന്നു കരുതിയിരുന്ന പല രോഗങ്ങളും തിരകെയെത്തുന്ന സാഹചര്യമാണിപ്പോഴെന്നും ആരോഗ്യമേഖലയെ കൂടുതല്‍ മികവുള്ളതാക്കാന്‍ കൂട്ടായ പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളുമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങളുണ്ടായാലേ അവര്‍ക്കു പ്രയോജനപ്പെടുകയുള്ളൂ.
ഇന്ന് ആരോഗ്യമേഖല നേരിടുന്ന വലിയ പ്രതിസന്ധിയായ ഡോക്ടര്‍മാരുടെ ക്ഷാമത്തിനു പരിഹാരം കാണാനും സര്‍ക്കാര്‍ ഇടപെടലുകളുണ്ടാകണം. ആരോഗ്യ മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാത്തതു ഗുരുതരമാണെന്നും സംവിധാനങ്ങള്‍ അനുവദിച്ചാല്‍ മാത്രം പോര അതു പ്രയോജനകരമാക്കാനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും ടെക്നീഷ്യന്മാരുടെ നിയമനവുമെല്ലാം നടത്തണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയായി. വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മാധുരി സാബു, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍ ബാബു മുള്ളന്‍ചിറ, മുന്‍ ചെയര്മാന് വി.ടി. ജോസഫ്, സി.കെ. ഷാജിമോഹന്‍, കെ.സി. ആന്റണി, എസ്. ശരത്, ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോഷ്യസ്, ആര്‍എംഒ എ. അജ്മല്‍, പി.ആര്. പ്രകാശന്, പി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.