അർത്തുങ്കൽ വെളുത്തച്ചൻ ദര്‍ശനമായി, വിശ്വാസികള്‍ക്കു പുണ്യസാഫല്യം
1496153
Friday, January 17, 2025 11:25 PM IST
ചേര്‍ത്തല: പ്രാര്‍ഥനാനിര്‍ഭരമായ മനസുകളുമായി ഒരു രാത്രി മുഴുവന്‍ കാത്തിരുന്ന വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം നടതുറന്നു.
വിശുദ്ധഗ്രന്ഥ വായനയോടും മലയാളം ലത്തീന്‍ ഭാഷകളിൽ ഗാനശുശ്രൂഷയോടുംകൂടെ വിശ്വാസികളില്‍ ഭക്തിയുടെ നിറവുചാര്ത്തി പുലര്‍ച്ചെയാണു തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. വിശുദ്ധന്റെ തിരുസ്വരൂപം ദര്‍ശിക്കുവാനും വണങ്ങുവാനുമായി ഇന്നലെ രാത്രി മുതല്‍ വിശ്വാസിസഹൃസങ്ങള് പള്ളിയിലും മുറ്റത്തുമായി ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു.
പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച അറയില്‍നിന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അത്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. റെക്ടര്‍ ഫാ.യേശുദാസ് കാട്ടുങ്കല്ത്തയ്യിലിന്റെ നേതൃത്വത്തിലാണു തിരുസ്വരൂപം പുറത്തെടുത്തത്. നടതുറക്കലിനും ദിവ്യബലിക്കും ഫാ. പോള്‍ ജെ. അറക്കല്‍ കാര്‍മികത്വം വഹിച്ചു.
ഫാ. കപ്പിസ്താന്‍ ലോപ്പസ് വചനപ്രഘോഷണം നടത്തി. വിദേശിയരുള്‍പ്പെടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികളാണ് എത്തുന്നത്. പ്രധാന പെരുന്നാള്‍ 20 നാണ്. രാവിലെ 11നു നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിലും ലക്ഷങ്ങളാണു പങ്കെടുക്കുക. കൃതജ്ഞതാദിനത്തോടെ 27നാണ് പെരുന്നാള്‍ സമാപിക്കുക.
നൂറ്റാണ്ടുകൾ
പിന്നിടുന്ന ചരിത്രം
ആര്‍ത്തലയ്ക്കുന്ന കടല്‍ത്തീരത്താണ് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക. 379 വര്‍ഷം മുന്‍പ് ഇറ്റലിയില്‍നിന്നു കപ്പല്‍മാര്‍ഗം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എത്തിയതോടെയാണ് അര്‍ത്തുങ്കല്‍ കേരള ചരിത്രത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നായത്. ഇപ്പോള്‍ കാണുന്ന കരിങ്കല്‍ നിര്‍മിതമായ ദേവാലയത്തിന്റെ തറക്കല്ലിട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെങ്കിലും പൂര്‍ത്തിയായത് അമ്പതു വര്‍ഷം മുന്‍പ്, 1967 ല്‍ ആണ്. കിഴക്കന്‍ മലകളില്‍നിന്നുള്ള കരിങ്കല്ല് വേമ്പനാട്ടു കായലിലും തുടര്‍ന്ന് ഇടത്തോടുകള്‍ വഴി അര്‍ത്തുങ്കലിലും എത്തിച്ചായിരുന്നു ദേവാലയത്തിന്റെ നിര്‍മാണം.
വിപുലമായ സൗകര്യങ്ങള്‍
അര്‍ത്തുങ്കല്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കാനും വിശ്വാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പള്ളിയിലും പരിസരത്തും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. നാനാഭാഗങ്ങളില്‍നിന്ന് എത്തുന്നവരുടെ സൗകര്യാര്‍ഥം വിപുലമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോലീസിന്റെയും സന്നദ്ധസേനയുടെയും സേവനം രാപ്പകല്‍ ഉണ്ടാകും.
വിശുദ്ധ ചാവറയച്ചന്റെ
സ്മരണകള്‍
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തുന്ന വിശ്വാസികള്‍ വിശുദ്ധ ചാവറയച്ചന്റെ സ്മരണകളുള്ള വിശ്രമമുറിക്കു മുന്നിലും അനുഗ്രഹങ്ങള്‍ തേടിയെത്താറുണ്ട്.
വിശുദ്ധിയുടെ പരിമളം പരത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് പൗരോഹിത്യം സ്വീകരിച്ചതും പ്രഥമ ദിവ്യബലിയര്‍പ്പിച്ചതും അര്‍ത്തുങ്കല്‍ ദേവാലത്തിലാണ്. ആദരവിന്റെ ഭാഗമായി അദ്ദേഹം താമസിച്ചിരുന്ന മുറി ഇപ്പോഴും ഏറെ പാവനമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിരുവസ്ത്രങ്ങളും ബലിപീഠത്തില്‍ ദിവ്യബലിക്കായി ഉപയോഗിച്ച കാസയും സക്രാരിയും കട്ടിലും പായയും കസേരയും ക്ലോക്കുമൊക്കെ മുറിയില്‍ കാണാം.
വിശുദ്ധിയുടെ നിലയ്ക്കാത്ത പരിമളം പോലെ ആ ക്ലോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ താമസിച്ചു ശുശ്രൂഷ ചെയ്തിരുന്ന കേരള സഭയുടെ അധ്യക്ഷനായിരുന്ന മെത്രാന് മൗറേലിയൂസ് സ്തബിലിനിയില് നിന്ന് 1829 നവംബര്‍ 29 നുആണു ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം സ്വീകരിച്ചത്. ഇപ്പോഴത്തെ പഴയ പള്ളിയുടെ അള്‍ത്താരയിലായിരുന്നു പ്രഥമ ദിവ്യബലി.
വഴിപാടുകളുടെ
വൈവിധ്യം
വഴിപാടുകളുടെ വൈവിധ്യമാണ് അര്‍ത്തുങ്കല്‍ ബസിലിക്കയിലെ മകരം പെരുന്നാളിനെ വ്യത്യസ്തമാക്കുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഭക്തിയോടെ അനുഷ്ഠിക്കുന്നുവെന്നതാണ് വഴിപാടുകളുടെ പ്രത്യേകത. വില്ലും കഴുന്നും എഴുന്നള്ളിക്കലാണ് ഇവിടത്തെ പ്രധാന നേര്‍ച്ച. വിശുദ്ധ സെബസ്ത്യാനോസ് പീഡിപ്പിക്കപ്പെട്ടതു ശരമേറ്റാണെന്ന വിശ്വാസമാണ് ഈ നേര്ച്ചയടെ അടിസ്ഥാനം.
പള്ളിക്കു മുന്നിലെ കുരിശടി, കടപ്പുറത്തെ കുരിശടി എന്നിവിടങ്ങളില്‍ നിന്നു തമ്പേര് മേളത്തിന്റെ അകമ്പടിയോടെയാണ് നേര്‍ച്ച എഴുന്നള്ളിക്കുന്നത്. ശാരീരികവൈകല്യങ്ങളുള്ളവര് അതിന്റെ ദുരിതം മാറുന്നതിന് ആള്‍രൂപം സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്.
മറ്റൊരു പ്രധാന നേര്‍ച്ചയാണ് ഉരുള്‍നേര്‍ച്ച. കടലോരത്തു നിന്നു പള്ളിയിലേക്ക് ഉരുള്‍ നേര്‍ച്ച നടത്തുന്നവരുമുണ്ട്.
പാപഭാരങ്ങളുടെ പ്രായശ്ചിത്തമായി കല്ലുകള്‍ തലയില്‍ ചുമന്നു പള്ളിക്കുചുറ്റും വലംവയ്ക്കല്‍, നടതുറക്കുന്നതു മുതല്‍ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് വെളുത്തച്ചന്റെ നടയില്‍ ഭജനയിരിക്കല്‍ തുടങ്ങി മറ്റനവധി വഴിപാടുകളും അര്‍ത്തുങ്കല്‍ പള്ളിയില്‍ മകരം പെരുന്നാളിനോടനുബന്ധിച്ചുണ്ട്.
അര്‍ത്തുങ്കലും സിനിമയും
വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ... സെന്റ് സെബാസ്റ്റ്യന്റെ പേരില്‍ ഏറെ പ്രശസ്തമായ പ്രാര്‍ഥനാഗാനം പേള്‍വ്യൂ (1970) എന്ന സിനിമയിലേതാണ്. വയലാര്‍ എഴുതി ദേവരാജൻ സംഗീതം നല്കി യേശുദാസും ബി. വസന്തയും ചേര്‍ന്ന് ആലപിച്ച ഗാനത്തില്‍ പ്രാര്‍ഥിക്കുന്നത് അര്‍ത്തുങ്കലിലെ വിശുദ്ധ സെബസ്ത്യാനോസിനോടാണ്.
പാട്ടിലെ ഒരു വരിയില്‍ അതു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനെ... ചെമ്മീന്‍ സിനിമയിലെ പെണ്ണാളേ പെണ്ണാളേ... എന്നു തുടങ്ങുന്ന പാട്ടിന്റെ വരിക്കിടയിലും അര്‍ത്തുങ്കല്‍ പെരുന്നാളിനെപ്പറ്റി വയലാര്‍ പറയുന്നുണ്ട്.
അര്ത്തുങ്കല്പ്പള്ളീൽ പെരുന്നാൽ വന്നല്ലോ ഒരു നല്ല കോരു താ കടലമ്മേ.... 2013ല്‍ ഇറങ്ങിയ റോമന്‍സ് എന്ന സിനിമയില്‍ രാജീവ് ആലുങ്കല്‍ എഴുതി എം. ജയചന്ദ്രന് പാടിയ ഹിറ്റ് ഗാനം തുടങ്ങുന്നതു തന്നെ അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്:
അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ടിന്നീശോയെ കണ്ടിട്ടൊന്നോശാന പാടാം...
അര്‍ത്തുങ്കല്‍ പുണ്യം
രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 5.30നു ആഘോഷമായ ദിവ്യബലി-ഫാ.പോള്‍ ജെ അറക്കല്‍, വചനപ്രഘോഷണം-ഫാ.കപ്പിസ്താന്‍ ലോപ്പസ്. 6.45നു പ്രഭാതപ്രാര്‍ത്ഥന, ആഘോഷമായ ദിവ്യബലി-ഫാ.സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍. വചപ്രഘോഷണം-ഫാ. സേവ്യര്‍ കുടിയാംശരി. ഒമ്പതിനു ആഘോഷമായ ദിവ്യബലി-ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍. വചനപ്രഘോഷണം-ഫാ. ജോസി ലൂയീസ് കൊച്ചീക്കാരന്വീട്.
11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി-മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ബിഷപ് ഡോ.ആന്റണി മാര്‍ സില്‍വാനോസ്. വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി-ഫാ.സിജു പി. ജോബ് പള്ളിപ്പറമ്പില്‍. വചനപ്രഘോഷണം-ഫാ.ബോസ് കൊടിയനാട്. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി-വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍. രാത്രി എട്ടിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.മാത്യു കാഞ്ഞിരംകാലായില്‍. ഒമ്പതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍. പത്തിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ.ജോസഫ് അനു അരേശേരില്‍.