മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം, ബിജെപിയില്‍ തര്‍ക്കം
1496155
Friday, January 17, 2025 11:25 PM IST
ചേര്‍ത്തല: ബിജെപി ചേര്‍ത്തല താലൂക്കിലെ നാലു മണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പു തര്‍ക്കം രൂക്ഷമായി. സുരേന്ദ്ര പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലാണ് പ്രധാനമായും തര്‍ക്കം.
അരൂരില്‍ ഷിജോസ് ജോസഫ്, പാണാവള്ളി സി. മിഥുന്‍ലാല്‍, ചേര്‍ത്തല എച്ച്.കണ്ണന്, മുഹമ്മ എസ്. നിഷ എന്നിവരാണ് പുതിയ മണ്ഡലം പ്രസിഡന്റുമാര്‍, പ്രവര്‍ത്തന പരിചയമുളളവര്ക്കൊപ്പം മികവുകാട്ടാനാകുന്ന പുതുമുഖങ്ങളെയും നേതൃനിരയിലേക്കുയര്ത്തിയാണ് ബിജെപി നീക്കം. ഇതിനൊപ്പം സാമുദായിക പരിഗണനകളും മാനദണ്ഡമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.
അര്‍ഹരായ പലരെയും തഴഞ്ഞാണ് തെരഞ്ഞെടുപ്പെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
പഞ്ചായത്തു കമ്മിറ്റിയില്‍ പോലും ഭാരവാഹിയാകാത്തവരെ പോലും ഒറ്റയടിക്ക് നേതൃനിരയിലേക്കു കൊണ്ടുവന്നത് പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നാണ് ഇവരുടെ വാദം.
ഔദ്യോഗികമായ പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കടുത്ത നടപടിക്ക് അസംതൃപ്തരായവര്‍ അണിയറ നീക്കം നടത്തുന്നതായാണ് വിവരം.
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ട്ടി മണ്ഡലം നേതൃത്വത്തില്‍ പുനസംഘടന നടത്തുന്നത്. പ്രസിഡന്റുമാരായിരുന്ന അഭിലാഷ് മാപ്പറമ്പില്‍ (ചേര്‍ത്തല), കൃഷ്ണകുമാര്‍ (മുഹമ്മ), രൂപേഷ് എം പൈ (അരൂര്‍), തിരുനല്ലൂര്‍ ബൈജു (പാണാവള്ളി) എന്നിവര്‍ക്കു പകരമാണ് പുതിയ നിയമനം.
അതേസമയം പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്നും പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ അര്‍ഹരായവരെയാണ് നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടിയില്‍നിന്നും ആരും വിട്ടുപോകില്ലെന്നും കൂടുതല്‍ പേര് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.