ആശാപ്രവർത്തകർ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കാര്യക്ഷമമല്ലെന്ന്
1495847
Thursday, January 16, 2025 11:17 PM IST
അമ്പലപ്പുഴ: ആശാ പ്രവർത്തകർ പാലിയേറ്റീവ് പ്രവർത്തനങ്ങൾ മതിയായി രീതിയിൽ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. ആരോഗ്യകേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചാണ് ആശാപ്രവർത്തകർ സേവനം ചെയ്തുവരുന്നത്. ഒരു വാർഡിലെ ആയിരം പേർക്ക് ഒരു ആശാ വർക്കർ എന്നതരത്തിലാണ് പ്രവർത്തിക്കുന്നത്.
അതത് ആരോഗ്യ കേന്ദ്രങ്ങളിൽ നഴ്സുമാരുടെ നിയന്ത്രണത്തിലാണ് ആശാപ്രവർത്തകർ സേവനം ചെയ്യേണ്ടത്. ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യവിവരം ഉറപ്പ് വരുത്തുക, ഇവരുടെ പേരുകൾ റെജിസ്റ്റർ ചെയ്യുക, സർവേ ബുക്ക് കൃത്യമായി കൈകാര്യം ചെയ്യുക, ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്ന വിവിധ ക്ലാസുകൾ വാർഡുകളിൽ സംഘടിപ്പിക്കുക, കുട്ടികൾക്കുള്ള കുത്തിവയ്പ്പും അമ്മമാർക്ക് ബോധവത്കരണവും സംഘടിപ്പിക്കുക, ആഴ്ചയിൽ ഒരിക്കൽ കൊതുക് ഉറവിട്ടം നശിപ്പിക്കൽ, ക്ലോറിനേഷൻ, കിടപ്പുരോഗികളുടെ പരിചരണം തുടങ്ങിയ കാര്യങ്ങൾ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടതാണ്. എന്നാൽ വിവിധ മേഖലകളിലെ ആശാപ്രവർത്തകർ മതിയായസേവനം ജനങ്ങൾക്ക് നൽകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
ആഴ്ചയിൽ ഒരിക്കലെങ്കിലും കിടപ്പുരോഗികളെ വീടുകളിൽ സന്ദർശിച്ച് അവർക്ക് വേണ്ട പരിചരണം നൽകണമെന്നാണ്. എന്നാൽ പലർക്കും ആശാപ്രവർത്തകരുടെ സേവനം ലഭിക്കാറില്ല. വണ്ടാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ചേതനയുടെയും മറ്റ് പാലിയറ്റീവ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും സേവനമാണ് നാട്ടുകാർ തേടുന്നത്. കിടപ്പുരോഗികൾക്കായി കോട്ടൺ പഞ്ഞികളും ഡയപ്പറുകളും വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നൽകുന്നുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് ഇത് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂടാതെ ജീവിതശൈലി രോഗികളെ കണ്ടെത്തി അവർക്ക് മതിയായ ബോധവത്ക്കരണം നടത്തണമെന്നുണ്ടെങ്കിലും മിക്കവാർഡുകളിലും നൽകാറില്ല.
മിക്ക ആശാ പ്രവർത്തകരും ആരോഗ്യകേന്ദ്രങ്ങളിൽ എത്തി സാന്നിധ്യം ഉറപ്പ് വരുത്തിയശേഷം തിരികെ മടങ്ങുകയാണ് ചെയ്യുന്നത്. വാർഡുകളിൽ വല്ലപ്പോഴുമാണ് സന്ദർശിക്കാറുള്ളത്. കിടപ്പുരോഗികളുടെ വീട് സന്ദർശിക്കുന്നുണ്ടെങ്കിലും അവർക്കു വേണ്ട പരിചരണം നൽകുകയൊ മറ്റ് സഹായങ്ങൾ ഉറപ്പ് വരുത്തുകയൊ ചെയ്യാറില്ല. വാർഡ് സന്ദർശിച്ചതായ രേഖകൾ വീട്ടിലിരുന്ന് തയാ റാക്കുകയാണ്.
കിടപ്പുരോഗികളെയൊ അവരുടെ ബന്ധുക്കളുമായൊ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. വിവിധ രാഷ്ട്രീയ പിൻബലത്തിൽ വർഷങ്ങളായി പ്രവർത്തിചചവരുന്നവരാണ് ആശാ പ്രവർത്തകരിൽ പലരും. ഇവർ നൽകേണ്ട സേവനങ്ങളെക്കുറിച്ച് പലർക്കും അറിവില്ലാത്തതിനാൽ അത് മുതലെടുക്കുകയാണ് പലരും. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ആശാ പ്രവർത്തകരെ മാറ്റി പുതിയ യുവതി യുവാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് മനുഷ്യവാകശപ്രവർത്തകൻ താഴ്ചയിൽ നസീർ മുഖ്യമന്ത്രി ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നൽകി.