മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്കു മങ്ങൽ
1495848
Thursday, January 16, 2025 11:17 PM IST
അന്പലപ്പുഴ: കടലിലെ പോളയുടെ വംശനാശം മത്തിയുടെ വളർച്ചയെ ബാധിച്ചതോടെ മൽസ്യ തൊഴിലാളികളുടെ പ്രതീക്ഷയ്ക്കു മങ്ങലേൽക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ജില്ലയുടെ തീരത്തു നിന്നു കടലിൽ പോകുന്ന വളളങ്ങൾക്കും പൊന്തുകാർക്കും ലഭിക്കുന്ന ഏക മൽസ്യം മത്തി മാത്രമാണ്. ഇതി നാകട്ടെ 10 സെ. മീറ്റർ പോലും വളർച്ചയും മാംസവും രുചിയും ഇല്ലാത്തതു മൂലം ആവശ്യക്കാരും തീരെ ഇല്ല. ഒരു കിലോ മത്തി 30 രൂപയ്ക്കു താഴെ വിലയിട്ടാണ് ഹാർബറുകളിൽ മൊത്തമായി തൂക്കിയെടുക്കുന്നത്. വളത്തിന് പൊടിക്കാനായാണ് മത്തി കൊണ്ടുപോകുന്നത്.
കടലിൽ ആവശ്യത്തിന് മഴയും പോളയും ഇല്ലാത്തതാണ് മത്തിയുടെ മുരടിപ്പിന് കാരണമെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. തോട്ടപ്പള്ളി , തുക്കുന്നപ്പുഴ, ആറാട്ടുപുഴ, കരൂർ, പുന്നപ്ര , തുമ്പോളി, ചെത്തി, ചേന്നേലി, അർത്തുങ്കൽ, തൈക്കൽ, പള്ളിത്തോട് തുടങ്ങി ജില്ലയുടെ നാനാഭാഗത്തുനിന്ന് നിരവധി വള്ളങ്ങളും നൂറുകണക്കിന് പൊന്തുകളുമാണ് കടലിൽ ഇറക്കുന്നത്.
ഒരു ചെറിയ വള്ളം മൽസ്യബന്ധനം കഴിഞ്ഞു കരയണയുമ്പോൾ 5000 രൂപയോളം ഇന്ധനചെലവുവരും. വലിയ വള്ളമാകുമ്പോൾ ഇത് ഇരട്ടിയാകും. എന്നാൽ മത്തിക്കു വില ലഭിക്കാത്തതു മൂലം വള്ളമുടമകളും തൊഴിലാളികളും വൻകടക്കെണിയിലാണ്. കടപ്പുറത്തെ ആശ്രയിച്ചു ജീവിക്കുന്ന ചുമട്ടുകാർ ഉൾപ്പടെയുള്ള അനുബന്ധ തൊഴിലാളികളും ഇതു മൂലം ദുരിതത്തിലാണ്.