യൂത്ത് കോൺഗ്രസിിൽ പണപ്പിരിവിനെച്ചൊല്ലി തർക്കം
1495851
Thursday, January 16, 2025 11:17 PM IST
കായംകുളം: യൂത്ത് കോൺഗ്രസിൽ തമ്മിലടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെതിരേ ആരോപണവുമായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത് രംഗത്തെത്തി. തനിക്കുവേണ്ടി പാർട്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സമരത്തിൽ പോലീസ് ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ മേഘ രഞ്ജിത്ത് ആരോപിക്കുന്നു. സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അരിത ബാബു നൽകിയ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റായാണ് മേഘ ആരോപണം ഉന്നയിച്ചത്.
മേഘയ്ക്ക് എട്ടു ലക്ഷത്തിലധികം രൂപ നൽകിയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കമന്റിട്ടിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രവീണിന്റെയും ജില്ലാ സെക്രട്ടറി മേഘയുടെയും പരിക്ക് ഗുരുതരമായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ മേഘയുടെ ചികിത്സാച്ചെലവ് പാർട്ടി വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെ ബ്യൂട്ടി പാർലർ നടത്തിയിരുന്ന മേഘ രഞ്ജിത്തിന് തുടർ ചികിത്സയ്ക്ക് വേണ്ട സഹായവും നൽകിയെന്ന് വിശദീകരിച്ചു കണക്കുകൾ അടക്കം വിശദമായ ഒരു കുറിപ്പ് ഫേസ്ബുക്കിൽ അരിത ബാബു പോസ്റ്റ് ചെയ്തു. കണക്കുകൾ പ്രകാരം എട്ട് ലക്ഷം രൂപ മേഘയ്ക്ക് കൈമാറിയെന്നാണ് അരിത ബാബുവിന്റെ കുറിപ്പിൽ പറയുന്നത്.
ഈ പറയുന്ന തുക തനിക്കു ലഭിച്ചിട്ടില്ലെന്നും ഇടയ്ക്കുനിന്ന് ആരാണ് തട്ടിയെടുത്തതെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മേഘ കമന്റിട്ടതോടെയാണ് വിവാദം തുടങ്ങിയത്. ഇതിനു താഴെ വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിന്റെ കണക്ക് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപിന്നാലെ, പാർട്ടി തന്നെ സഹായിച്ചിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മേഘ വീണ്ടും രംഗത്തെത്തി.