ദുർഘടം ഈ യാത്ര...
1496157
Friday, January 17, 2025 11:25 PM IST
ചാരുംമൂട്: റോഡ് നവീകരണം വൈകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നിർമാണത്തിൽ കരാറുകാരന്റെ അനാസ്ഥയാണ് കാരണമെന്ന് ചൂണ്ടികാട്ടി നാട്ടുകാർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കെപി റോഡിലെ നൂറനാട് ആശാൻ കലുങ്കിൽനിന്ന് പന്തളത്തേക്കും മാമ്മൂട് ജംഗ്ഷനിൽ നിന്ന് പാലമേൽ പഞ്ചായത്തിന്റെ അതിർത്തിയായ പയ്യനല്ലൂർ- മായയക്ഷിക്കാവ് തുടങ്ങിയ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് ജനങ്ങൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന മാവിളപ്പടി-മായയക്ഷിക്കാവ് റോഡാണ് നവീകരണം വൈകുന്നത് മൂലം യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
റോഡിന്റെ അവസ്ഥ കാരണം ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും കിലോമീറ്റർ ദൂരം അധികമായി സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ റോഡിന്റെ വീതികൂട്ടി ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മെറ്റൽ വിരിച്ച് അതിനു മുകളിൽ ചെമ്മണ്ണിട്ടത്. എന്നാൽ, ഇപ്പോൾ മെറ്റൽ ഇളകിത്തെറിച്ച് റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. റോഡിലെ ചെമണ്ണ് കാറ്റിൽ പറന്ന് എത്തുന്നതു കാരണം പ്രദേശവാസികൾക്ക് വീടുകളിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്.
കച്ചവട സ്ഥാപനങ്ങൾ പലതും പൊടിശല്യം കാരണം തുറക്കാനാകുന്നില്ല. പൊടിശല്യം നാട്ടുകാരിൽ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. കരാറുകാരൻ മൂന്നുനാലു ബംഗാളികളെ ജോലിക്കു നിർത്തി റോഡുനിർമാണം നടക്കുന്നതായി വരുത്തിതീർക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ദേശീയ നിലവാരത്തിൽ നിർമിക്കുന്നതിനാവശ്യമായ 4.8 കോടി അനുവദിച്ചു നൽകിയിട്ടും റോഡിന്റെ ചുമതലയുള്ള സംസ്ഥാന ഗ്രാമീണ റോഡു നിർമാണ ഏജൻസിയുടെ മേൽനോട്ടം എത്താതെ പോയതാണ് നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതെന്നാണ് ആരോപണം.
കൂടുതൽ തൊഴിലാളികളെ നിർത്തി അടിയന്തരമായി റോഡുനിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന മുഴുവൻ വീട്ടുകാരും ചേർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.