പത്തിയൂരിൽ സിപിഎം കോട്ട തകർത്ത് കോൺഗ്രസിന് അട്ടിമറി വിജയം
1486557
Thursday, December 12, 2024 7:43 AM IST
കായംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കായംകുളം പത്തിയൂരിൽ സിപിഎം കോട്ട തകർത്ത് കോൺഗ്രസിന് അട്ടിമറി വിജയം. ഇരുപതു വർഷമായി സിപിഎം തുടർച്ചയായി വിജയിച്ചുവന്ന പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ ദീപക് എരുവ 99 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയത് വിജയിച്ചത്.
ദീപക് എരുവയ്ക്ക് 575 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ശിവശങ്കരപ്പിള്ളയ്ക്ക് 476 വോട്ടും എൻഡിഎ സ്ഥാനാർഥി ബിജു ആമ്പക്കാട്ടിന് 396 വോട്ടും ലഭിച്ചു. വിഭാഗീയത രൂക്ഷമായ പത്തിയൂരിൽ സിപിഎമ്മിന് ഇത് വലിയ തിരിച്ചടിയായി.
മാത്രമല്ല ഇന്ന് സിപിഎം ഏരിയ സമ്മേളനം ആരംഭിക്കാനിരിക്കെ പത്തിയൂരിലെ കനത്ത തോൽവി സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിനിടയിൽ യുവ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ബിബിൻ സി. ബാബു സിപിഎം വിട്ട് ബിജെപി പാളയത്തിൽ പോയതും പിന്നീട് അഞ്ചു സിപിഎം പ്രവർത്തകർ കൂടി ബിജെപിയിലേക്ക് ചേക്കേറിയതും സിപിഎമ്മി ന് തലവേദന സൃഷ്ടിച്ചു.
എന്നാൽ, ബിബിൻ സി. ബാബുവിന് സ്വാധീനമുള്ള പത്തിയൂരിൽ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ മോഹവും പൊലിഞ്ഞു. ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കന്മാർ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്.
എന്നാൽ, മൂന്നാം സ്ഥാനത്ത് തന്നെ എത്തുകയും കഴിഞ്ഞ തവണത്തേക്കാൾ 11 വോട്ടുകളുടെ കുറവ് നേരിടുകയും ചെയ്തു. പത്തിയൂർ പഞ്ചായത്ത് 14 അംഗങ്ങൾ ഉണ്ടായിരുന്ന എൽഡി എഫിന് അംഗബലം 13 ആയി.
കോൺഗ്രസിന് രണ്ടും ബി ജെപിക്ക് നാലും അംഗങ്ങളുമാണുള്ളത്. ക ഴിഞ്ഞ തവണ യു ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ബിജു അമ്പക്കാട്ട് 54 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പിലൂടെ ഇപ്പോൾ അട്ടിമറി വിജയം നേടാൻ സാധിച്ചു.
വാർഡിലെ സിപിഎം പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന ഐ. ജയകുമാരിയുടെ നിര്യാണത്തെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.