പിച്ചച്ചട്ടി സമരവുമായി ജാഗ്രതാ സമിതി
1485923
Tuesday, December 10, 2024 7:35 AM IST
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തിൽ പിച്ചച്ചട്ടി സമരം സംഘടിപ്പിക്കുന്നു.
ജനകീയ ജഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് വൈകുന്നേരം നാലിന് പിച്ചച്ചട്ടി സമരം നടത്തുന്നതെന്ന് ജാഗ്രതാസമിതി പ്രസിഡന്റ് എം. സജിമോൻ, സെക്രട്ടറിമാരായ സദറുദ്ദീൻ അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ എ. കുഴിവേലി, വൈസ് പ്രസിഡന്റ് ശ്രീകല ഗോപി, യു.എം. കബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയിലെ പോരായ്മകളെ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ജില്ലാ കളക്ടർ, ആരോഗ്യമന്ത്രി, കേരള മന്ത്രിസഭയുടെ നവ കേരള സദസ് എന്നിവർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നത്.
അടച്ചിട്ടിരിക്കുന്ന ഐസിയു ഉടൻ തുറന്നുപ്രവർത്തിപ്പിക്കുക, ആശുപത്രിയുടെ അകത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കുക, പുതുതായി വന്ന മാമോഗ്രാം മെഷീൻ സ്ഥാപിക്കുക, പണി പൂർത്തീകരിച്ച ദന്തൽ കോളജ് തുറന്നു കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ സമരം നടത്തുന്നത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഏഴുമാസമായി നടക്കുന്നില്ല. ഇതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോക്ടർ ഒരു മാസം മുൻപ് സ്ഥലം മാറിപ്പോയതിനുശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. മെഡിസിൻ വിഭാഗത്തിലെ ഡോക്ടറാണ് രോഗികളെ ചികിത്സിക്കുന്നത്. മെഡിസിൻ ഐസിയു കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടന്നിട്ട് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയപ്പോൾ നിങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ ചെയ്യണമെന്ന മറുപടിയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളിൽനിന്ന് പണം പിരിക്കാൻ പിച്ചച്ചട്ടി സമരം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.