പോയകാല സ്മൃതികളുടെ ഓളങ്ങളിൽ കായിപ്പുറത്തെ വിളക്കുമരം
1486075
Wednesday, December 11, 2024 5:08 AM IST
മുഹമ്മ: കായിപ്പുറം ബോട്ടുജെട്ടിയിലെ വിളക്കുമരം പോയകാല പ്രൗഢിയുടെ ഓർമകളുണർത്തുന്നു. ജലഗതാഗതം സമ്പന്നമായിരുന്ന കാലത്ത് ജലയാനങ്ങൾക്ക് ദിക്ക് അറിയാൻ സ്ഥാപിച്ച വിളക്കുമരമാണ് കായിപ്പുറം ബോട്ടുജെട്ടിയുടെ തെക്ക് ഭാഗത്ത് കായലിൽ കൗതുകകാഴ്ചയായി നിൽക്കുന്നത്.
വൈദ്യുതി വിളക്കുകൾ ഇല്ലാതിരുന്ന കാലത്ത് ഈ വിളക്കുമരത്തിനു മുകളിലുള്ള കണ്ണാടിക്കൂട്ടിൽ വിളക്ക് തെളിച്ച് വയ്ക്കുമായിരുന്നു. കോട്ടയം, ചങ്ങനാശേരി, ടിവി പുരം മേഖലകളിൽ നിന്നുള്ള യാത്രാബോട്ടുകൾ മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറത്തും അടുത്തിരുന്നത് ഈ വിളക്കുമരത്തെ ആശ്രയിച്ചായിരുന്നു.
കായിപ്പുറത്തുനിന്ന് വിളിപ്പാടകലെയുള്ള മുഹമ്മ ബോട്ടുജെട്ടിയിലും അന്ന് ദിക്കറിയാൻ വിളക്കുകൾ ഇല്ലായിരുന്നു. കരഗതാഗതം വികസിതമല്ലാതിരുന്ന കാലമായതിനാൽ കോട്ടയം, എറണാകുളം, ആലപ്പുഴ മേഖലകളുമായി ബന്ധപ്പെട്ട ചരക്കിറക്കിന് ആശ്രയിച്ചിരുന്നത് ജലയാനങ്ങളെ അയിരുന്നു.
നിത്യോപയോഗ സാധനങ്ങളും നിർമാണ സാമഗ്രികളമെല്ലാം കേവു വള്ളങ്ങളിലാണ് എത്തിച്ചിരുന്നത്. ദിവസവും വിളക്ക് തെളിക്കുന്നതിന് ജീവനക്കാരനും ഉണ്ടായിരുന്നു. പാതിരാമണൽ ദ്വീപ് അന്ന് സ്വകാര്യ വ്യക്തിയുടെ അധീനതയിൽ ആയിരുന്നു.
ദ്വീപിലേക്കുള്ള മുഖ്യപ്രവേശന കവാടമായിരിന്നതിനാൽ കായിപ്പുറം ജെട്ടിയിലാണ് ആൾക്കാർ കൂടുതൽ എത്തിയിരുന്നത്. തിരക്കിന്റെ ആരവം നിറഞ്ഞിരുന്ന കായിപ്പുറത്തിന്റെ പ്രതാപകാലം ഇന്നും ഓർമയിൽ തുടിച്ച് നിൽക്കുന്നതായി പഞ്ചായത്തംഗം കെ.എസ്. ദാമോദരൻ പറയുന്നു.