വെള്ളക്കെട്ടും കുഴിയും: ഭീഷണിയായി ദേശീയപാതയിലെ ബസ് സ്റ്റോപ്പുകൾ
1486551
Thursday, December 12, 2024 7:41 AM IST
തുറവൂർ: ദേശീയപാതയിലെ ബസ് സ്റ്റോപ്പുകൾ വെള്ളക്കെട്ടും കുഴിയും മൂലം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഗതാഗതത്തിന് ഒട്ടും യോഗ്യമല്ലാത്ത പൊട്ടിപ്പൊളിഞ്ഞ റോഡും യാത്രക്കാർക്ക് ഭിഷണിയാകുന്നു.
ഭാരവാഹനങ്ങൾ വഴിതിരിച്ച് വിടുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തത് ഗതാഗതക്കുരുക്കും വർധിക്കുന്നതായും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകാൻ അധികൃതർ തയാറാകണമെന്നും ബസ് സ്റ്റോപ്പുകളിലെ വെള്ളക്കെട്ടുകൾ മാറ്റാൻ ഉയരപ്പാത നിർമാണ കമ്പിനിയും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വിമർശിച്ചതോടെ
പ്രവർത്തനങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും എന്നാൽ, പ്രഖ്യാപിച്ച ഒരു കാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പരാതി. എറണാകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങളും ഇപ്പോഴും നിർമാണമേഖലയിലൂടെയാണ് ഗതാഗതം തുടരുന്നത്.
ഇത് ഗതാഗത പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ഹൈക്കോടതി കരാർ കമ്പനിയെയും അധികൃതരെയും രൂക്ഷമായി വിമർശിച്ചതോടെയാണ് ഇടയ്ക്ക് നടപടികൾ വേഗത്തിലാക്കിയത്.
ഉത്തരവ് ലംഘിച്ച്
ഇപ്പോൾ കൊച്ചിയിൽനിന്നു തുറവൂർ, ചേർത്തല, ആലപ്പുഴ എത്താൻ കുണ്ടനൂർ വഴിയോ തോപ്പുംപടി വഴിയോ ചെല്ലാനം, കുമ്പളങ്ങി, പള്ളിത്തോട്, ചാവടി, തുറവൂർ വഴിയോ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കു പോകേണ്ടവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഭാരവാഹനങ്ങൾ ഇപ്പോഴും ദേശിയപാതയിലൂടെയാണ് കടന്നുപോകുന്നത്. അവശ്യ സർവീസായ ആംബുലൻസുകൾക്ക് കടന്നുപോകാൻ പറ്റാത്ത വിധത്തിലാണ് ഭാരവാഹനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് നിർമാണമേഖലയിലൂടെ സഞ്ചരിക്കുന്നത്. ഇത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.