കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറിക്ക് മർദനം : പുളിങ്കുന്ന് എന്‍ജിനിയറിംഗ് കോളജിലേക്ക് മാര്‍ച്ച് നടത്തി
1486070
Wednesday, December 11, 2024 4:57 AM IST
മങ്കൊമ്പ്: പുളിങ്കുന്ന് എന്‍ജിനിയറിംഗ് കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ഷാരോണ്‍ ടിറ്റോയ്ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിലേക്കു മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊച്ചി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്യു യുയുസിമാരെ ഭീഷണിപ്പെടുത്താന്‍ സംഘടിച്ചെത്തിയ ജില്ലാ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് എസ്എഫ്ഐ ക്രിമിനലുകള്‍ മര്‍ദനം അഴിച്ചുവിട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. നിരന്തരമായ സംഘര്‍ഷങ്ങള്‍ അഴിച്ചുവിടുന്ന ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ജിയോ ചെന്നങ്കര അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിസിസി വൈസ് പ്രസിഡന്റുമാരായ സജി ജോസഫ്, ടിജിന് ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ്, ജോഷി കൊല്ലാറ, മനോജ് രാമമന്ദിരം, അലക്സ് മാത്യു, റോഫിന്‍ ജേക്കബ്, സിംജോ സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്്എഫ്ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ഷാരോണ്‍ ടിറ്റോയ്ക്കുനേരെ നടന്ന ആക്രണമം എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
അക്രമത്തില്‍ നിയോജക മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്ഥികരിക്കണമെന്നും ചെയര്മാന് ജോസഫ് ചേക്കോടന്‍, കണ്‍വീനര്‍ തങ്കച്ചന് വാഴച്ചിറ എന്നിവര്‍ ആവശ്യപ്പെട്ടു.