ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം അതേ ബ്ലോക്കിൽ ഉദ്യോഗസ്ഥയായി
1486552
Thursday, December 12, 2024 7:43 AM IST
തുറവൂർ: ആദ്യബ ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗം അതേ ബ്ലോക്കിൽ ഉദ്യോഗസ്ഥയായി. പട്ടണക്കാട് ബ്ലോക്കിലാണ് സംഭവം, 1995ൽ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വരുമ്പോൾ ആദ്യ ഭരണസമിതിയിൽ തുറവൂർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എം.പി. ലത 30 കൊല്ലങ്ങൾക്കുശേഷം അതേ ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥയായി എത്തിച്ചേർന്നത്.
വിദ്യാർഥി സംഘടനയുടെ സംസ്ഥാന നേതാവായി തുടങ്ങിയ പ്രവർത്തനം യുവജന സംഘടനയിലും തിളങ്ങിനിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നത്. തുടർന്ന് എഴുതിയ പിഎസ്സി റാങ്ക് ലിസ്റ്റിൽ വരുകയും പഞ്ചായത്ത് ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ത്രിതല പഞ്ചായത്തുകളുടെ സംയോജനം നടന്നപ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച് സ്വന്തം നാടായ പട്ടണക്കാട് ബ്ലോക്കിൽ എത്തിച്ചേർന്നിരിക്കുകയുമാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉള്ള ബ്ലോക്ക് പഞ്ചായത്തിൽ ജോലി ചെയ്യുവാൻ കഴിയുന്നത് സന്തോഷകരമാണെന്നാണ് ലത പറയുന്നത്. താൻ ഇരിക്കുന്ന ഓഫീസിൽ താൻ ഭരണസമിതിയംഗമായ പേര് മുകളിൽ ഇരിക്കുമ്പോഴാണ് താഴെ ഉദ്യോഗസ്ഥയായി പുതിയ വേഷത്തിൽ അതേ ബ്ലോക്കിൽ ലത എത്തിച്ചേരുന്നത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഗീതാ ഷാജിയുടെയും ആർ. ജീവന്റെയും നേതൃത്വത്തിൽ എം.പി. ലതയെ ഊഷ്മളമായ സ്വീകരണങ്ങൾ നൽകി സ്വീകരിച്ചു.