കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തി വയോധികനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
1486065
Wednesday, December 11, 2024 4:57 AM IST
കായംകുളം: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം ചേരാവള്ളി മുല്ലശേരിൽ മാങ്ങാണ്ടി ഷെമീർ എന്നു വിളിക്കുന്ന ഷെമീറിനെ (39) ആണ് അറസ്റ്റ് ചെയ്തത്. ജില്ലയിൽനിന്നും നാടുകടത്തിയ ഇയാൾ കായംകുളം, വള്ളികുന്നം, നൂറനാട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നെന്ന് പോലീസ് പറഞ്ഞു.
ഉത്തരവ് ലംഘിച്ച് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് എറണാകുളം റേഞ്ച് ഡിഐജി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2023 നവംബറിലാണ് മാങ്ങാണ്ടി ഷെമീറിനെ ജില്ലയിൽ നിന്നും നാടുകടത്തിയത്.
ഉത്തരവ് നിലനിൽക്കേ ഇയാൾ കഴിഞ്ഞ ഒക്ടോബർ മൂന്നിന് രാത്രി കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപം വച്ച് 62 വയസുള്ള അബ്ദുൾ സലാം എന്നയാളെ മർദിച്ചതായി പോലീസ് പറഞ്ഞു .
ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നാട്ടിലേക്ക് വരുന്നതിനിടെ തെന്മലയിൽ നിന്നും തെന്മല പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, വിഷ്ണു.എസ്. നായർ, അരുൺ കൃഷ്ണൻ, ഗോപകുമാർ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.