ക്ഷേത്രത്തിൽ കവർച്ച: മോഷ്ടാവിനെ നാട്ടുകാർ പിടികൂടി
1485934
Tuesday, December 10, 2024 7:35 AM IST
ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരംപത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നള്ളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തി(28)നെയാണ് നാട്ടുകാർ തടഞ്ഞുവച്ചു കനകക്കുന്ന് പോലീസിനു കൈമാറിയത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിനു സമീപമാണ് ഇയാൾ തിരുമുടിയുമായി പോകുന്നതു നാട്ടുകാരിൽച്ചിലർ കണ്ടത്. തുടർന്ന്, പ്രദേശവാസികളായ യുവാക്കൾ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. മൂലസ്ഥാനമായ വള്ളുകപ്പള്ളി കൊട്ടാരത്തിലാണ് സൂക്ഷിച്ചിരുന്നത്. രാത്രി ഒന്നരയോടെ സിമന്റുകട്ട കൊണ്ടിടിച്ച് പൂട്ട് പൊളിച്ചാണ് തിരുമുടിയും കണ്ണാടി ബിംബവും എടുത്തത്.
പ്രതി ലഹരിക്കടിമയും മാനസികാസ്വാസ്ഥ്യം പ്രടിപ്പിക്കുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ വച്ചാൽ ദേവീ ചൈതന്യം കിട്ടുമെന്ന വിശ്വാസത്തിലാണ് എടുത്തുകൊണ്ടുപോയതെന്നാണ് പ്രതി നൽകിയ മൊഴി. കേടുപാടു വരുത്തിയതിനും അശുദ്ധമാക്കിയതിനുമാണ് കേസെടുത്തിട്ടുള്ളത്.