ബാലസൗഹൃദ രക്ഷാകര്‍തൃത്വം: ഏകദിന പരിശീലനം നടത്തി
1485922
Tuesday, December 10, 2024 7:35 AM IST
ആലപ്പുഴ: കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരു രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്വം പൂര്‍ണമാകുന്നതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ജലജ ചന്ദ്രന് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഉത്തരവാദിത്വപൂര്‍ണ രക്ഷാകര്‍തൃത്വത്തിന്റെ ഭാഗമായി കുട്ടിയുടെ പോരായ്മകള്‍ മനസിലാക്കി അവരുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും കൈയെത്തിപ്പിടിക്കാന്‍ പ്രാപ്തരാക്കാന്‍ ഓരോ രക്ഷാകര്‍ത്താവിനും സാധിക്കണമെന്നും ജലജ ചന്ദ്രന് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് അധ്യക്ഷത വഹിച്ചു.
ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ബി. മോഹന്‍കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. വി. മിനിമോള്‍, ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ മോള്‍ജി ഖാലിദ്, ഡോ.ടി. എസ്. സുധീരന് എന്നിവര്‍ സംസാരിച്ചു.