കാട് മൂടിയ റോഡ്; യാത്ര ദുരിതം
1486073
Wednesday, December 11, 2024 4:57 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളി- മുതുകുളം റോഡിന്റെ പലഭാഗങ്ങളിലും കാടുവളർന്നു റോഡിലേക്കിറങ്ങിയത് യാത്ര ബുദ്ധിമുട്ടാക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് ഒഴിഞ്ഞു നിൽക്കാനുള്ള സ്ഥലമില്ല.
എതിരേവരുന്ന വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാനാകാത്ത സ്ഥിതിയാണ്. റോഡരികിലെ താഴ്ചയുള്ള ഭാഗം കാടുവളർന്നു കിടക്കുന്നതിനാൽ തിരിച്ചറിയാനാകാതെ അപകടവും പതിവാണ്. വളവുകളിൽ ദൂരെനിന്നുള്ള വാഹനങ്ങൾ തിരിച്ചറിയാനാകാത്ത സ്ഥിതിയുമുണ്ട്.
മുതുകുളം തട്ടാരുമുക്ക്-വെട്ടത്തുകടവ് റോഡരികിലെ കുറ്റിക്കാടുകൾ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
കുറ്റിച്ചെടികൾ
പുത്തൻമഠം ഭാഗത്തു ഇരുവശങ്ങളിലും കുറ്റിച്ചെടികൾ റോഡിലേക്ക് വളർന്നിറങ്ങി. ആശുപത്രിമുക്കിലെ വളവിലും പുൽച്ചെടികൾ റോഡിലേക്ക് ചാഞ്ഞിട്ടുണ്ട്. ഇതുകാരണം കിഴക്കുനിന്ന് വന്ന ു തെക്കോട്ടു പോകുന്ന വാഹനങ്ങൾ മധ്യഭാഗം കടന്നാണ് വളവുതിരിയുന്നത്.
ഇവിടെ വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാനുള്ള സാധ്യതയേറെയാണ്. പുതിയവിള അമ്പലമുക്കിനു തെക്കുഭാഗത്തു കുറ്റിക്കാടുകൾ വലിയ തോതിൽ വളർന്നിറങ്ങി. മുതുകുളം വെട്ടത്തു മുക്ക്-കനകക്കുന്ന് ജെട്ടി റോഡിലും പലയിടത്തും കാടുകളുണ്ട്. പള്ളിമുക്ക്-ഷാപ്പുമുക്ക് റോഡിലും പുൽച്ചെടികളാണ്.
മാലിന്യം തള്ളലും
കുറ്റിക്കാടുകൾ ചാഞ്ഞുകിടക്കുന്നതുമൂലം എതിരേ വരുന്ന വാഹനത്തെ വളരെ പ്രയാസപ്പെട്ട് കയറ്റിവിടേണ്ട സാഹചര്യമാണ്. കുറ്റിച്ചെടികൾ ഒഴിവാക്കി പോകുമ്പോൾ പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ തട്ടി ഇരുചക്രവാഹന യാത്രികർക്കും മറ്റും അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അരികു ചേർന്നു പോകുന്നവരുടെ ദേഹത്തും ചെടികൾ തട്ടുന്നു. റോഡിനിരുവശങ്ങളും കാടുകയറിക്കിടക്കുന്നത് മാലിന്യം തള്ളുന്നവർക്കു സഹായകമാണ്.
മാലിന്യങ്ങൾ കെട്ടിക്കിടന്നു ദുർഗന്ധം വമിക്കുമ്പോഴാണ് പ്രദേശവാസികൾ അറിയുന്നത്. മാലിന്യക്കൂമ്പാരം നിറഞ്ഞ റോഡിലെ ദുർഗന്ധംമൂലം വാഹനങ്ങളിൽപ്പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. റോഡിന് ഇരുവശങ്ങളിലുമുളള കാടുവെട്ടിത്തെളിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.