പ്രതിസന്ധിയുടെ നടുവിൽ പ്രഭുറാം മിൽസ്: വൈദ്യുതിചാർജ് അടച്ചാൽ ശമ്പളം മുടങ്ങും
1485926
Tuesday, December 10, 2024 7:35 AM IST
ചെങ്ങന്നൂർ: കേരള ടെക്സ്റ്റൈൽസ് കോർപറേഷന്റെ കീഴിലുള്ള ചെങ്ങന്നൂർ കോട്ട പ്രഭുറാം മിൽസ് വീണ്ടും പ്രതിസന്ധിയിൽ. വൈദ്യുതിനിരക്ക് വർധന, നൂൽ ഉത്പാദനം കുറയൽ, വൈദ്യുതി കുടിശിക എന്നീ പ്രശ്നങ്ങൾ കാരണം മിൽസിന്റെ പ്രവർത്തനം തടസപ്പെടുന്ന അവസ്ഥയിലാണ്. 72 സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ 125 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ്. വ്യവസായങ്ങൾക്കുൾപ്പെടെയുള്ള വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെയാണ് ഈ സ്ഥാപനം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നത്.
നൂലിന്റെ ഉത്പാദനവും വിൽപ്പനയും കുറഞ്ഞതോടെ കമ്പനി പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയായിരുന്നു. വൈദ്യുതിക്കുടിശിക 88 ലക്ഷം രൂപ അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരുകയും കഴിഞ്ഞദിവസങ്ങളിൽ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന്, കെഎസ്ഇബി അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 20 തവണകളായി അടയ്ക്കാമെന്ന ഉറപ്പിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
തുക ഉയരും
ഈ മാസത്തെ തൊഴിലാളികളുടെ ശമ്പളം പകുതിമാത്രം കൊടുത്തശേഷമുള്ള തുക ഉപയോഗിച്ച് ആദ്യത്തെ തവണ അടയ് ക്കാനാണ് നീക്കം. ഒന്നുകിൽ വൈദ്യുതി അല്ലെങ്കിൽ ശമ്പളം ഏതെങ്കിലുമൊന്നു മുടങ്ങുമെന്ന അവസ്ഥയിലാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. ശമ്പളവും വൈദ്യുതിച്ചാർജും ഒരുമിച്ചു നൽകാനുള്ള ശേഷി സ്ഥാപനത്തിനില്ല.
ഒരുമാസം 20 ലക്ഷം രൂപയാണ് വൈദ്യുതിക്കായി ഈടാക്കുന്നത്. ശമ്പളത്തിനും അത്രയും തുക കണ്ടെത്തണം. നിരക്കു വർധിപ്പിച്ച സാഹചര്യത്തിൽ തുക ഉയരും. അതേസമയം, കെഎസ്ഇബി സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ എല്ലാ മാസവും നിരക്ക് കൃത്യമായി അടയ്ക്കണമെന്നും ഇളവനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളത്തിനും വൈദ്യുതിക്കും മറ്റു ചെലവുകൾക്കുമായി 60 ലക്ഷം രൂപയെങ്കിലും ഒരുമാസം കണ്ടെത്തണം. പരമാവധി ഉത്പാദനം നടത്തിയാൽപ്പോലും ഈ തുക കണ്ടെത്താൻ കഴിയില്ല. ഏഴുലോഡ് നൂല് കയറിപ്പോയാൽപ്പോലും ലഭിക്കുന്നത് 49 ലക്ഷം രൂപയാണ്.
പിന്നീട് വഴങ്ങി
കേരള ടെക്സ്റ്റൈൽ കോർപറേഷനടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതിക്കുടിശിക എഴുതിത്തള്ളുന്നതിന്റെ ഗുണം പ്രഭുറാം മിൽസിനു ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വൈദ്യുതിനിരക്ക് തവണകളായിട്ട് അടച്ചുകൊണ്ടിരുന്നതിനാൽ കുടിശിക എഴുതിത്തള്ളിയതിന്റെ പ്രയോജനം കിട്ടാൻ സാധ്യത കുറവാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. കഴിഞ്ഞവർഷം ആറുമാസത്തോളം ലേ ഓഫിലായിരുന്ന കമ്പനിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച അസംസ്കൃതവസ്തുവായ പഞ്ഞി സ്വകാര്യ ഏജൻസികൾ നൽകും.
ഇതു നൂലാക്കി മടക്കി നൽകും. ആദ്യം ഇതിനോട് എതിർപ്പു പ്രകടിപ്പിച്ചെങ്കിലും തൊഴിലാളി യൂണിയനുകൾ പിന്നീട് വഴങ്ങി. മൂന്നുമാസത്തേക്കാണ് ഈ പദ്ധതിയെന്നായിരുന്നു മാനേജ്മെന്റ് അന്ന് പറഞ്ഞത്. എന്നാൽ, ഇത് ഇപ്പോഴും തുടരുകയാണ്. ഒരുദിവസം 1,780 കിലോ നൂൽ ഉത്പാദിപ്പിച്ചു നൽകാനായിരുന്നു പദ്ധതിയിട്ടത്. തൊഴിലാളികളുടെ ശമ്പളവും കമ്പനിച്ചെലവും ഇതുവഴി വഹിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയത്. ആദ്യത്തെ രണ്ടുമാസം ഉത്പാദനം നടന്നു.
പ്രതിസന്ധി തന്നെ
എന്നാൽ, തുണിവിപണിയിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ കമ്പനികൾ നൂൽ വാങ്ങുന്നതു കുറച്ചു. ഇതോടെ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. വരുമാനം കുറഞ്ഞതോടെ തൊഴിലാളികളുടെ ശമ്പളത്തെയും മറ്റാനുകൂല്യങ്ങളെയും ബാധിച്ചു. വൈദ്യുതിബില്ലും അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. കമ്പനി നിലനിൽക്കണമെങ്കിൽ അസംസ്കൃത സാധനങ്ങൾ നേരിട്ടുവാങ്ങാൻ പ്രവർത്തനമൂലധനം സർക്കാർ അനുവദിക്കണമെന്നാണ് ആവശ്യം.
സ്വകാര്യവസ്ത്ര നിർമാണശാലകൾ അസംസ്കൃത സാധനങ്ങൾ കൊടുത്തിട്ട് പകരം നൂലു കൊണ്ടുപോകന്ന അവസ്ഥയ് ക്കു മാറ്റം വേണമെന്നും തൊഴിലാളികൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കോട്ടയത്തും എടരിക്കോട്ടുള്ള കെഎസ്ടിസി മില്ലുകളുടെ പ്രവർത്തനം നിലച്ചിരുന്നു. 1973-ൽ തമിഴ്നടൻ ശിവാജി ഗണേശൻ, വി.എ. മുത്തുമണി എന്നിവർ ചേർന്നാണ് പഞ്ഞിയിൽ നിന്ന് നൂൽ ഉത്പാദിപ്പിക്കുന്ന പ്രഭുറാം മിൽസ് എന്ന സ്പിന്നിംഗ് മിൽ കോട്ടയിൽ സ്ഥാപിച്ചത്. പത്ത് വർഷങ്ങൾക്കുശേഷം സർക്കാർ കമ്പനി ഏറ്റെടുത്തു.