ലതിക്കു ജീവിതം തിരിച്ചുപിടിക്കാൻ സഹൃദയരുടെ കരുണവേണം
1486074
Wednesday, December 11, 2024 5:07 AM IST
ചെങ്ങന്നൂർ: രോഗങ്ങളുടെ തീവ്രതയിലും ലതി ജീവിക്കാൻ കൊതിക്കുകയാണ്. തന്റെ ഭാവി ജീവിതം മാത്രമോർത്തല്ല, രോഗികളും വയോധികരുമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും മറ്റാരുമില്ല എന്നതാണ് ഇതിനു കാരണം. പക്ഷെ, ദുരന്തമുഖത്തേക്കു നീങ്ങുന്ന ഈ സാധു കുടുംബത്തിന് ജീവിതം തിരിച്ചുപിടിക്കണമെങ്കിൽ സുമനസുകളുടെ കൈത്താങ്ങ് കൂടിയേ തീരൂ.
ഓരോ നിമിഷവും രക്തധമനികൾ ചുരുങ്ങി ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുന്ന ടക്കയാസു (ടക്കയാസൂസ് ആർട്ടറിറ്റിസ്) എന്ന അപൂർവവും അതീവ ഗുരുതരവുമായ രോഗമാണ് ചെങ്ങന്നൂർ പെണ്ണുക്കര കിഴക്കേ പൊയ്കയിൽ പി.ബി. ലതി(40)ക്ക്. ഇതിനു പുമേ വാൽവിന് ലീക്കും ബ്ലോക്കുമുണ്ട്. കൂടാതെ കാഴ്ചക്കുറവും കേൾവിക്കുറവുമുണ്ട് .
ഇതിനെല്ലാം പത്തുവർഷമായി വിവിധ ആശുപത്രികളിലെ കാർഡിയോളജി, റുമറ്റോളജി, ന്യൂറോളജി, കണ്ണ്, ചെവി എന്നീ വിഭാഗങ്ങളിലെ ചികിത്സയിലാണ്. ഭീമമായ തുകയാണ് ഇതിനകം ചികിത്സകൾക്കായി ചെലവഴിച്ചത്.
അതിനിടെ ഹൃദയവാൽവ് മാറ്റിവയ്ക്കേണ്ടതുൾപ്പെടെയുള്ള പല ശസ്ത്രക്രിയകളും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ പലതവണ മാറ്റിവച്ചു. രണ്ടു പ്രാവശ്യം ഹൃദയാഘാതവും ഉണ്ടായി. ഇനി ശസ്ത്രക്രിയ മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ കർശനമായി അറിയിച്ചിരിക്കുകയാണ്. ഈ ആഴ്ച ഹൃദയവാൽവ് മാറ്റിവയ്ക്കണം. കോട്ടയം മെഡിക്കൻ കോളജിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരു മാസത്തോളം ആശുപത്രി പരിസരത്തുതന്നെ താമസിക്കുകയും ദിവസവുമുള്ള പരിശോധനകൾക്കും മറ്റുമായി ആശുപത്രിയിൽ എത്തുകയും വേണം.
ഇതിനെല്ലാം ഭാരിച്ച തുക വേണം. അതെങ്ങനെ കണ്ടെത്തണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് ലതിയുടെ കുടുംബം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദവും ഐടിഐയിൽനിന്ന് സർവേ കോഴ്സും പൂർത്തിയാക്കിയ ലതി ജോലിക്കു ശ്രമിക്കുന്നതിനിടെയാണ് രോഗബാധിതയാകുന്നത്.
ചികിത്സ നടക്കുന്നതിനിടെ പിതാവ് പി.കെ. ഭാസ്കരനും (75), മാതാവ് എൻ.ടി. രാജമ്മ(70)യും രോഗബാധിതരായി. വെണ്മണി പഞ്ചായത്തംഗം കെ.എസ്. ബിന്ദു ഇടപ്പെട്ട് എസ്ബിഐ ചെങ്ങന്നൂർ ടൗൺ ശാഖയിൽ പി.ബി. ലതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6739426534. ഐഎഫ്എസ്സി കോഡ്: എസ്ബിഐഎൻ-0070085. ഫോൺ: 9562299707.