കരുതലും കൈത്താങ്ങും; ജില്ലാ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനം തുടങ്ങി
1486079
Wednesday, December 11, 2024 5:08 AM IST
ആലപ്പുഴ: ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജില്ലാ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് സെല്ലിന്റെ പ്രവര്‍ത്തനം.
അദാലത്തുകളിലേക്കുള്ള അപേക്ഷ ഡിസംബര്‍ പതിനാറ് മുതല്‍ ഇരുപത്തിമൂന്നു വരെ സ്വീകരിക്കും. അക്ഷയകേന്ദ്രത്തില്‍ എത്തി പരാതി സമര്‍പ്പിക്കാം. താലൂക്ക് ഓഫീസുകളില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന് സ്വന്തമായി karuthal.kerala.gov എന്ന പോര്‍ട്ടല്‍ മുഖേനയും അപേക്ഷിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ജില്ലാ മോണിറ്ററിംഗ് സെല്ലിന്റെ പരിശോധനയ്ക്കും വിധേയമാക്കും.
ജില്ലയില്‍ ജനുവരി മൂന്നുമുതല്‍ പതിമൂന്നുവരെയാണ് പരാതി പരിഹാര അദാലത്തുകള്‍ ജില്ലയില്‍ നടക്കുന്നത്. ജനുവരി മൂന്നിന് ചേര്‍ത്തല താലൂക്ക്, നാലിന് അമ്പലപ്പുഴ താലൂക്ക്, ആറിന് കുട്ടനാട് താലൂക്ക്, ഏഴിന് കാര്‍ത്തികപ്പള്ളി താലൂക്ക്, ഒന്‍പതിന് മാവേലിക്കര താലൂക്ക്, പതിമൂന്നിന് ചെങ്ങന്നൂര്‍ താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് തീയതികള്‍.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന് എന്നിവര്‍ അദാലത്തുകളില്‍ പങ്കെടുക്കും. അദാലത്തുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.