സ്റ്റെതസ്കോപ്പും ജഴ്സിയുമണിഞ്ഞ് ആല്വിൻ, വൈറ്റ് കോട്ട് നെഞ്ചോടുചേര്‍ത്ത് അമ്മ മീന
1485928
Tuesday, December 10, 2024 7:35 AM IST
എടത്വ: അന്ത്യയാത്രയില്‍ സ്റ്റെതസ്കോപ്പും തന്റെ ഇഷ്ടപ്പെട്ട ജഴ്സിയും മാറോടണച്ചാണ് ആല്വിന് യാത്രയായത്. നീ പത്താംക്ലാസ് കഴിഞ്ഞിട്ട് ശരിക്ക് ഉറങ്ങിയിട്ടില്ലല്ലോ. അങ്ങനെയിരുന്നു പഠിച്ചവനല്ലേ. ഇനി നിനക്ക് സുഖമായി ഉറങ്ങാമല്ലോ... ചേതനയറ്റ മകനെ ചേര്‍ത്തുപിടിച്ച് അമ്മയുടെ വാക്കുകള്‍ക്കു മുന്നില്‍ ഈറനണിയാത്ത കണ്ണുകളില്ലായിരു ന്നു.
അമ്മ മീന ആല്‍വിന്റെ പഠനവേഷമായ വൈറ്റ് കോട്ടും നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്നു.
പഠനത്തിനൊപ്പം കായിക വിനോദങ്ങളിലും തിളങ്ങിയിരുന്ന ആല്വിന് ഫുട്ബോള്‍ എന്നും ഹരമായിരുന്നു. സ്കൂള്‍തലം മുതല്‍ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ആല്വിന് ഗവ. ടിഡി മെഡിക്കല്‍ കോളജ് ഫുട്ബോള്‍ ടീമിലും അംഗമായി. കോളജ് അങ്കണത്തിലെ ഫുട്ബോള്‍ കോര്‍ട്ടിനെക്കുറിച്ച് മാതാവിനോട് വാതോരാതെ സംസാരിച്ചിരുന്ന ആല്‍വിന്റെ മൃതദേഹത്തില്‍ കോളജ് ടീമിന്റെ ചുവന്ന ജഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുക്കളും ഇന്നലെ ആല്വിന് അന്ത്യയാത്ര നല്‍കിയത്.
അന്ത്യയാത്രയ്ക്ക് മുന്‍പ് അമ്മയെ ഫോണ്‍ വിളിച്ച് അനുവാദം വാങ്ങിയാണ് ആല്ബിന് സിനിമയ്ക്കായി പോയത്. സുഹൃത്തുക്കള്‍ സിനിമയ്ക്കു പോകാന്‍ ക്ഷണിച്ചെങ്കിലും ആദ്യം നിരസിച്ചു. കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ക്ഷണം സ്വീകരിച്ച് ഇറങ്ങാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് അമ്മയെ വിളിച്ച് അനുവാദം വാങ്ങിയത്.
ആ യാത്ര അന്ത്യയാത്രയായി മാറുകയായിരുന്നു. എടത്വ ജോര്‍ജിയന്‍ പബ്ളിക് സ്കൂളിലും സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളിലും പഠിച്ചിരുന്ന ആല്വിന് പഠനത്തിലും സ്പോട്സിലും മികവുറ്റ വിദ്യാര്‍ഥിയായിരുന്നു.
നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് എംബിബിഎസിന് സെലക്ഷന് കിട്ടിയത്. നീറ്റ് സ്കോറില്‍ 720ല്‍ 685 മാർക്കായിരുന്നു ആല്വിന് നേടിയത്.