പമ്പയില്‍നിന്ന് ഏഴു ദീര്‍ഘദൂര ബസ് സർവീസുകൾ
1486554
Thursday, December 12, 2024 7:43 AM IST
ശബരിമല: ഗബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍നിന്നു കെഎസ്ആര്‍ടിസിയുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു.
കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനോടെപ്പം പമ്പ ബസ് സ്റ്റേഷനില്‍നിന്നു സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാസൗകര്യം ഒരുക്കുന്ന കെഎസ് ആര്‍ടിസിയുടെ ചാര്‍ട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനില്‍നിന്നും ഉപയോഗപ്പെടുത്താം.
ത്രിവേണിയില്‍നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ സൗജന്യ സര്‍വീസും നടത്തുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ചശേഷം ചൊവ്വാഴ്ച വരെ പമ്പയില്‍ നിന്നും 61,109 ചെയിന്‍ സര്‍വീസുകളും 12,997 ദീര്‍ഘദൂര സര്‍വീസുകളും നടത്തി.
കാനനപാതയിൽ സമയക്രമം പാലിക്കണം
ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും മുക്കുഴി വഴി രാവിലെ ഏഴ് മുതൽ മൂന്നുവരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. തിരിച്ച് ശബരിമലയില്‍ പുല്ലുമേട് വഴി രാവിലെ എട്ട് മുതൽ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാന്‍ പാടുള്ളൂ. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക.