കായംകുളം ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് അടഞ്ഞുതന്നെ
1485935
Tuesday, December 10, 2024 7:35 AM IST
കായംകുളം: താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി നിർമിച്ച മെറ്റേണിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും പ്രവർത്തനം തുടങ്ങിയില്ല. ദേശീയ ആരോഗ്യദൗത്യം എൻഎച്ച്എം 2018-19ൽ 3.19 കോടി രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് നിർമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് 2021 ഫെബ്രുവരിയിലാണ് ഉദ്ഘാടനം നടന്നത്. പണി പൂർത്തിയാകുംമുമ്പായിരുന്നു ഉദ്ഘാടനം.
ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസമെന്നാണ് അധികൃതർ നൽകുന്ന സൂചന. പ്രസവവാർഡ്, മോഡുലാർ ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ ഐസിയു, ലേബർ റൂം, ജീവനക്കാർക്കുള്ള മുറി, കാത്തിരിപ്പുകേന്ദ്രം എന്നിവയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
അത്യാഹിതവിഭാഗത്തിന്റെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമിച്ചത്. ഇവിടേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റും നിർമിച്ചിട്ടുണ്ട്. അത്യാധു നികരീതിയിലാണ് ബ്ലോക്കിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പണിയെല്ലാം പൂർത്തിയായപ്പോൾ വൈദ്യുതി ലഭ്യമാക്കാൻ ഹൈടെൻഷൻ കണക്ഷൻ ആവശ്യമായി വന്നു. ഇതോടെ ബ്ലോക്കിന്റെ പ്രവർത്തനം തുടങ്ങുന്നത് പ്രതിസന്ധിയിലായി. നഗരസഭ പണമടച്ച് ആശുപത്രി ആവശ്യങ്ങൾക്ക് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ഇതോടെ മെറ്റേണിറ്റി ബ്ലോക്കിലേക്കുള്ള വൈദ്യുതിപ്രശ്നത്തിനും പരിഹാരമായി.
ഇവ പരിഹരിച്ച് ബ്ലോക്ക് പ്രവർത്തനസജ്ജമായിട്ടു നാലു മാസത്തോളമായെങ്കിലും ആവശ്യത്തിനു ജീവനക്കാരും ഉപകരണങ്ങളുമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. സുഗമമായ പ്രവർത്തനത്തിന് നാലു മെഡിക്കൽ ഓഫീസർമാരും 12 സ്റ്റാഫ് നഴ്സും എട്ട് നഴ്സിംഗ് അസി സ്റ്റൻ്റുമാരും എട്ട് അനുബന്ധ ജീ വനക്കാരും വേണം. കൂടാതെ, ഇരുപതോളം കിടക്കകളും ഒരുക്കേണ്ടതുണ്ട്.