ഉരുക്കുകോട്ടയിൽ വിള്ളൽ : വിഭാഗീയത മറനീക്കിയ കായംകുളത്ത് ഏരിയാ സമ്മേളനത്തിനു നാളെ തുടക്കം
1486064
Wednesday, December 11, 2024 4:57 AM IST
കായംകുളം: യുവ സിപിഎം നേതാവ് ബിബിൻ സി. ബാബുവിന്റെ ബിജെപി പ്രവേശനവും പാർട്ടിക്കെതിരേ പരസ്യമായി പോർമുഖം തുറന്നുള്ള ബിബിന്റെ പ്രസ്താവനകളും രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കു കളമൊരുങ്ങുന്നതിനിടയിൽ സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന് നാളെ തുടക്കം.
ജില്ലയിലെ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കായംകുളത്ത് ഏരിയ സമ്മേളനത്തിൽ വിഭാഗീയത കെട്ടടങ്ങുമോ അതോ കൂടുതൽ തലവേദന സൃഷ്ടിക്കുമോ എന്നു വരും ദിവസങ്ങളിൽ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതും മൂന്നാം സ്ഥാനത്ത് പോയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഒടുവിൽ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ബിബിൻ സി. ബാബു പാർട്ടിയുടെ മതനിരപേക്ഷ നിലപാടിനെ പരസ്യമായി വിമർശിച്ചു. ബിജെപി പാളയത്തിൽ പോയതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. പത്തിയൂരിൽ പ്രവർത്തകരുടെ ബിജെപിയിലേക്കുള്ള ചോർച്ച ആരംഭിച്ചതും തലവേദനയായിരിക്കുകയാണ്. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പല അംഗങ്ങളും തുറന്ന ചർച്ചയ്ക്ക് രംഗത്തുവരുമെന്നും സൂചനയുണ്ട്. 16ന് സമ്മേളനം സമാപിക്കും.
263 ബ്രാഞ്ച് സമ്മേളനങ്ങളും 14 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു കൊണ്ടാണ് ഏരിയ സമ്മേളനത്തിലേക്ക് എത്തുന്നത്. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം, വനിതാ സംഗമം, മണ്മറഞ്ഞ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുന്ന സ്മൃതി ദിനം, പതാകദിനം, പതാകജാഥ എന്നിവ നടത്തി.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. പ്രസാദ്, കെ.എച്ച്. ബാബുജാന്, എം. സത്യപാലന്, ജി. ഹരിശങ്കര്‍, എ. മഹേന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
ഡിസംബര്‍ 16ന് ഏരിയ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ച്, ബഹുജന റാലി, പൊതുസമ്മേളനവും നടക്കും. കായംകുളം ജിഡിഎം ഗ്രൗണ്ട് പരിസരത്തില്‍ നിന്നു മാര്‍ച്ചും റാലിയും ആരംഭിക്കും. എല്‍മെക്സ് ഗ്രൗണ്ടിലെ എം.ആര്. രാജശേഖരന് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
സി.എസ്. സുജാത, സജി ചെറിയാന്, ആര്. നാസര്‍, കെ.എച്ച്. ബാബുജാന്, എ മഹേന്ദ്രൻ, യു. പ്രതിഭ എംഎൽഎ എന്നിവര്‍ പങ്കെടുക്കും.