മങ്കൊമ്പ് ഉപജില്ലാ സ്കൂൾ കലോൽസവം ഇന്നാരംഭിക്കും
1465645
Friday, November 1, 2024 6:32 AM IST
മങ്കൊമ്പ്: മങ്കൊമ്പ് ഉപജില്ലാ സ്കൂൾ കലോൽസവത്തിന് കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു തുടക്കമാകും. ഇന്നു രചനാമൽസരങ്ങളാകും നടക്കുക. നാല്, അഞ്ച്, ആറ് തീയതികളിലായി മറ്റു കലാമൽസരങ്ങളും നടക്കും. നാലിന് തോമസ്. കെ.തോമസ് എംഎൽഎ കലോൽസവം ഉദ്ഘാടനം ചെയ്യും. അഞ്ചു പ്രധാന വേദികളടക്കം പത്തോളം വേദികളിലായി നടക്കുന്ന കലാമേളയിൽ ഉപജില്ലയിലെ 44 സ്കൂളുകളിൽ നിന്നുള്ള 1500 ഓളം വിദ്യാർഥികൾ പങ്കെടുക്കും.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ മുഖ്യപ്രഭാഷണം നടത്തും. മങ്കൊമ്പ് എഇഒ എൽ. അനുപമ സ്വാഗതം ആശംസിക്കും. ആറിനു വൈകുന്നേരം നാലിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തും. വിജയികൾക്ക് ചമ്പക്കുളം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി സമ്മാനങ്ങൾ വിതരണം ചെയ്യും.