തലവടി ഉപജില്ലാ കലോത്സവത്തിന് ഇന്നു തിരിതെളിയും
1465644
Friday, November 1, 2024 6:32 AM IST
എടത്വ: തലവടി ഉപജില്ലാ കലോത്സവത്തിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഇന്നു തിരിതെളിയും. ഉച്ചയ്ക്ക് 2.30 ന് സാംസ്കാരിക ഘോഷയാത്രയോടെ കലാപരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിനിമ, മിമിക്രി താരം ജയദേവ് കലവൂര്‍ ഉദ്ഘാടനം ചെയ്യും.
എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണവും തലവടി എഇഒ കെ. സന്തോഷ് ആമുഖപ്രഭാഷണവും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ഹോങ്കോംഗില്‍ നടന്ന അന്താരാഷ്ട്ര ഡ്രാഗണ്‍ ബോള്‍ട്ട് റെയ്സ് മത്സരത്തില്‍ രണ്ട് ഇനങ്ങളിലായി വെങ്കല മെഡല്‍ നേടിയ പച്ച ലൂര്‍ദ്ദ് മാതാ പ്ലസ്ടു വിദ്യാര്‍ഥി എസ്. അലനെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ആദരിക്കും.
തലവടി ഉപജില്ലയിലെ 42 സ്കൂളുകളില്‍ നിന്ന് 242 ഇനങ്ങളിലായി 2500 ല്‍ പരം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കാളികളാകും. കലോത്സവ നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തലവടി എഇഒ കെ. സന്തോഷ്, ജനറല്‍ കണ്‍വീനറും ലൂര്‍ദ്ദ് മാതാ എച്ച്എസ്എസ് പ്രിന്‍സിപ്പലുമായ തോമസുകുട്ടി മാത്യു ചീരംവേലിൽ, പ്രധാനാധ്യാപകരായ അന്നമ്മ ജോസഫ്, മിനി അനി തോമസ് എന്നിവര്‍ അറിയിച്ചു.