പരുമല പെരുന്നാൾ ഇന്നും നാളെയും
1465640
Friday, November 1, 2024 6:32 AM IST
മാന്നാർ: പരുമല പെരുന്നാളിന്റെ പ്രധാന ദിനമായ ഇന്നും നാളെയും തീർഥാടക സംഘങ്ങളാൽ സമ്പുഷ്ടമാകും. തീർത്ഥാടകരെ വരവേൽക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പള്ളിയും പരിസരങ്ങളും ദീപാലങ്കാരങ്ങളാൽ മനോഹരമാണ്. ഇന്നു രാവിലെ 6.30 ന് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബാന. 7.30 ന് പള്ളിയിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
10 ന് അഖില മലങ്കര പ്രാർഥനാ യോഗം ധ്യാനം, 10.30 ന് സന്യാസസമൂഹം സമ്മേളനം, 12 ന് ഉച്ചനമസ്കാരം, ഉച്ചകഴിഞ്ഞ് മൂന്നിനു തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം, വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം, രാത്രി എട്ടിന് ശ്ലൈഹിക വാഴ്വ്, 8.15ന് ഭക്തിനിർഭരമായ റാസ, 10.30 ന് ഭക്തിഗാനാർച്ചന. നാളെ പുലർച്ചെ മൂന്നിനു വിശുദ്ധ കുർബാന, 6.15ന് ചാപ്പലിൽ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽകുർബാന, 8.30 ന് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന, 10.30ന് കബറിങ്കലിൽ ധൂപപ്രാർഥന, 10.30 ന് കാതോലിക്കാ ബാവ വിശ്വാസികൾക്ക് ശ്ലൈഹികവാഴ് വ് നൽകും. 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം, രണ്ടിന് നടക്കുന്ന ഭക്തിനിർഭരമായ റാസയോടും ആശിർവാദത്തോടും കൊടിയിറങ്ങും.