മനോഹരൻ വക്കീൽ നടക്കുകയാണ്, നീതിക്കായി
1465359
Thursday, October 31, 2024 5:22 AM IST
നൗഷാദ് മാങ്കാംകുഴി
കായംകുളം: മനോഹരൻ വക്കീൽ നീതിക്കായി നടക്കുകയാണ്. കമ്യൂണിസ്റ്റാണെന്നു മുദ്രകുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍നിന്നു പുറത്താക്കിയവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടു കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ കായംകുളം സ്വദേശി കുമ്പളത്ത് മനോഹരന് വക്കീലാണ് നടക്കുന്നത്. 52 വർഷം മുന്‍പാണ് ജോലി നഷ്ടപ്പെട്ടത്. വടക്കന്‍ ജില്ലകള്‍ പിന്നിട്ട് ആലപ്പുഴ ജില്ലയിലെത്തിയ അദ്ദേഹത്തിനു കായംകുളത്ത് സോഷ്യല്‍ ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ സ്വീകരണം നല്കി.
അമ്പലപ്പുഴ വഴി കടന്നുവരുന്നതിനിടയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെ മനോഹരന് വീട്ടിലെത്തി സന്ദര്‍ശിച്ചു. ഓഗസ്റ്റ് 15ന് ധര്‍മസമര യാത്ര എന്ന പേരില്‍ കാസര്‍കോട് തലപ്പാടിയില്നിന്നാണ് യാത്ര തുടങ്ങിയത്. അടുത്തമാസം പകുതിയോടെ യാത്ര തിരുവനന്തപുരത്തെത്തും. അവിടെ ഒരു ദിവസം ഉപവസിച്ചശേഷം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കു നിവേദനം നല്‍കും.
വെള്ള ബനിയനും കൈലിമുണ്ടും ധരിച്ചു പ്ലക്കാര്‍ഡുമേന്തിയാണ് എഴുപത്തഞ്ചാം വയസില്‍ പ്രതിഷേധ യാത്ര നടത്തുന്നത്. പന്തളം എന്‍എസ്എസ് പോളിടെക്നിക്കില്‍നിന്ന് എന്‍ജിനിയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കി 1969ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ചതെന്നു മനോഹരൻ പറയുന്നു. എന്നാല്‍, 1971ല്‍ മദ്രാസ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍നിന്ന് സര്‍വീസിന് ആവശ്യമില്ല എന്നുകാട്ടി പുറത്താക്കി. പരിശോധനയില്‍ കമ്യൂണിസ്റ്റാണെന്നു തെളിഞ്ഞതാണ് കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.
1972ല്‍ മുംബൈ ആദായനികുതി വകുപ്പില്‍ ജോലി കിട്ടി. ഒമ്പതുമാസത്തെ സര്‍വീസിനുശേഷം ജോലിയില്‍നിന്നു പുറത്താക്കി. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് അക്കാലത്ത് ജോലി നഷ്ടമായതായി മനോഹരന് പറയുന്നു. ചിലര്‍ ജീവനൊടുക്കി. പലരും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുകയാണ്. കായംകുളം, മാവേലിക്കര കോടതികളില്‍ അഭിഭാഷകനാണ് മനോഹരന്. പോരാട്ടത്തിന് എല്ലാ പിന്തുണയും നല്കിയ ഭാര്യ പി. ലളിത കഴിഞ്ഞ വര്‍ഷം അന്തരിച്ചു. മക്കള്‍ രാഹുല്‍, മൃദുല്‍.