നിഷാദ് യൂസഫ്: ഓണാട്ടുകരയില്നിന്ന് സിനിമയിലേക്ക് ഉയർന്ന കലാകാരൻ
1465358
Thursday, October 31, 2024 5:13 AM IST
കായംകുളം: നിഷാദ് യൂസഫ് എന്ന പ്രതിഭ, തമിഴില്‍ എഡിറ്റിംഗ് നിര്‍വഹിച്ച സൂര്യ ചിത്രം കങ്കുവയുടെ വിജയം കാണാതെ യാത്രയായി. ഓണാട്ടുകരയില്നിന്നു കലയില്‍ കുതിച്ചുയര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകന്‍ നിഷാദിന്റെ ചിത്രസംയോജനത്തിൽ ഇറങ്ങുന്ന ചിത്രമാണ് കങ്കുവ. ഇന്നലെ രാവിലെ കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ നിഷാദിനെ കണ്ടെത്തുകയായിരുന്നു. മമ്മൂട്ടി നായകനായ ബസൂക്കയാണ് നിഷാദ് പ്രവര്‍ത്തിച്ച മറ്റൊരു ചിത്രം.
2022ല്‍ പുറത്തിറങ്ങിയ ടോവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ തല്ലുമാലയുടെ എഡിറ്റിംഗ് മനോഹരമാക്കിയത് നിഷാദ് യൂസുഫാണ്. ഇതിലൂടെ മികച്ച ചലച്ചിത്ര സംയോജകനുള്ള സംസ്ഥാന പുരസ്കാരവും നിഷാദിനെ തേടിയെത്തി. ഹരിപ്പാട് തുലാംപറമ്പ് നോര്‍ത്ത് നിഷാദ് മന്‍സിലില്‍ വിമുക്ത ഭടനായ യൂസുഫ്-ലൈല ബീവി ദമ്പതികളുടെ മകനാണ്. കായംകുളം എംഎസ്എം കോളജില്‍നിന്നു ബിരുദ പഠനത്തിനുശേഷമാണ് നിഷാദ് തിരുവന്തപുരത്ത് പോസ്റ്റ് പ്രൊഡക്ഷനില്‍ ഡിപ്ലോമ നേടിയത്.
കടലിനക്കരെ എന്ന സീരിയലിന്റെ വര്‍ക്ക് ചെയ്തു കരിയറില്‍ തുടക്കം കുറിച്ചു. പിന്നീട് ചെന്നൈയില്‍ പോയി രണ്ട് തമിഴ് സിനിമയിലും പ്രവര്‍ത്തിച്ചു. വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നിഷാദ് സ്പോട്ട് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രങ്ങളാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ, നോര്‍ത്ത് 24 കാതം, 1971 എന്നിവ.
സംവിധായകന് വിനയനോടൊപ്പം രഘുവിന്റെ സ്വന്തം റസിയ, തുടര്‍ന്നു ഡ്രാക്കുള എന്ന 3ഡി സിനിമ, ഖാലിദ് റഹ്മാന്റെ മമ്മൂട്ടി നായകനായ ഉണ്ട, മമ്മൂട്ടിയുടെ വണ്‍ തമര് കെ.വിയുടെ ആയിരത്തൊന്നു നുണകള്‍(ഇതിന് ഐഎഫ്എഫ്കെയുടെ സെലക്ഷന് ലഭിച്ചു), പനോരമയില്‍ ഇടം നേടിയ സൗദി വെള്ളക്ക എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നിഷാദ് കലാ മികവ് പ്രകടമാക്കി. ഭാര്യ ചങ്ങനാശേരി സ്വദേശിനിയായ ഷിഫ. മക്കള്‍ സീദാന്‍, ലിയാറസീറ.