സാരഥിയായി ബെന്നി ആന്റണി
1465352
Thursday, October 31, 2024 5:13 AM IST
ചങ്ങനാശേരി: മാര്‍ ജോസഫ് പെരുന്തോട്ടം സഹായമെത്രാനും ആര്‍ച്ച്ബിഷപ്പുമായിരുന്ന 22 വര്‍ഷവും ഡ്രൈവറായി പ്രവര്‍ത്തിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചങ്ങനാശേരി പാലയ്ക്കല്‍ ബെന്നി ആന്റണി. പെരുന്തോട്ടം പിതാവില്‍നിന്നും വലിയ കരുതലും സ്നേഹവുമാണ് എക്കാലവും ലഭിച്ചിരുന്നത്. ഒരിക്കലും ശാസിച്ചിട്ടില്ല.
ഏവിടെ പോയാലും ആര്ക്കൊപ്പമായിരുന്നാലും തന്റെ ഭക്ഷണകാര്യത്തില്‍ പിതാവ് ശ്രദ്ധിച്ചിരുന്നു. മനസില്‍ സ്നേഹം നിറഞ്ഞുനില്ക്കുന്ന പെരുന്തോട്ടം പിതാവ് വലിയ പരിഗണന നല്കിപ്പോന്നു.
സഹായമെത്രാനായപ്പോള്‍ അരമനയില്‍നിന്ന് ലഭിച്ച കെഎല്‍-5 എല്‍ 2937 അംബാസഡര്‍ കാറിലായിരുന്നു ദീര്‍ഘമായ യാത്രയുടെ തുടക്കം. പിന്നീട് കെഎല്‍ 5-എം 4646 നമ്പറിലുള്ള അംബാസഡര്‍. പിന്നീട് ഫിയറ്റ് പെട്രാ. ആര്ച്ച്ബിഷപ്പായപ്പോള് ലാന്‍സര്‍. പിന്നീടാണ് ഇന്നോവ വാങ്ങിയത്.
ഈ കാലങ്ങളിലെല്ലാം ചെറിയൊരു അപകടംപോലും ഉണ്ടാകാതെ പിതാവിന്റെ സാരഥിയാകാനുള്ള സന്തോഷത്തിലും ആശ്വാസത്തിലുമാണ് ബെന്നി. നിരവധി തവണ കേരളത്തിലുടനീളം പിതാനൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞു. ഹൃദയം നിറയെ സന്തോഷമനുഭവിച്ച കാലമായിരുന്നു അതെന്നും ബെന്നി ഓര്‍ക്കുന്നു.
മാര്‍ പെരുന്തോട്ടം ഇത്തിത്താനം പ്രീസ്റ്റ് ഹോമിലേക്ക്
ചങ്ങനാശേരി: മാര്‍ ജോസഫ് പെരുന്തോട്ടം ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കും. പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്കൊപ്പം കഴിയാനാണ് മാര്‍ പെരുന്തോട്ടത്തിന്റെ തീരുമാനം. അടുത്തയാഴ്ച മുതല്‍ ഒരുമാസം പിതാവ് ആര്യങ്കാവില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ചെലവഴിക്കും.
അന്‍പതംഗ ഗായകസംഘം
ചങ്ങനാശേരി: ആയിരം പേരുടെ കമ്മിറ്റിക്കാണ് പരിപാടികളുടെ ചുമതല. മധുരിമ പകരാന്‍ ഫാ. ജോബിന് ആനക്കല്ലുങ്കലിന്റെ നേതൃത്വത്തില്‍ അമ്പതംഗ ഗായകസംഘം. എല്ലാവര്ക്കും ചടങ്ങുകള്‍ കാണാവുന്ന വിധം വീഡിയോ വാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.