ഭൂമി തരം മാറ്റൽ : അമ്പലപ്പുഴയിലെ ആദ്യ അദാലത്തില്‍ 223 കേസുകള്‍ തീര്‍പ്പാക്കി
1464996
Wednesday, October 30, 2024 5:31 AM IST
ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്ക് ഓഫീസ് ഹാളില്‍ നടന്നു.
അദാലത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയുള ഫീസിളവിനര്ഹതയുള്ള (25 സെന്റല്‍ താഴെ) ഫോം ആറ് അപേക്ഷകളും ഡാറ്റാ ബാങ്കില്‍ നിന്നു ഒഴിവാക്കുന്നതിനായുള്ള ഫോം അഞ്ച് അപേക്ഷകളുമാണ് പരിഗണിച്ചിട്ടുള്ളത്. അദാലത്തില്‍ 223 കേസുകള്‍ തീര്‍പ്പാക്കി.
ഈ കാലയളവിലെ തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന കേസുകളില്‍ നവംബര്‍ 30 നുളളില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
അദാലത്തില്‍ എഡിഎം ആശാ സി. ഏബ്രഹാം, അമ്പലപ്പുഴ താലൂക്ക് തരംമാറ്റ നടപടികളുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ജോളി ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ എസ്. അന്‍വര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷ് ഓഫീസര്‍മാര്‍ എന്നിവരും മറ്റു റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.
മന്ത്രി കെ. രാജന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒമാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരംമാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്.