കായംകുളം ചേതനയുടെ എഫ്എം 90.8 റേഡിയോ നാളെ നാടിന് സമർപ്പിക്കും
1464995
Wednesday, October 30, 2024 5:31 AM IST
കായംകുളം: മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനത്തിന്റെ സാമൂഹ്യസേവന വിഭാഗമായ കായംകുളം ചേതനയുടെ പുതിയ എഫ്എം 90.8 റേഡിയോ നാളെ നാടിന് സമര്‍പ്പിക്കും. ചേതനയില്‍ സജ്ജമാക്കിയിരിക്കുന്ന റേഡിയോ നിലയത്തില്നിന്നുമാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 3.30ന് മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സിനിമ-സീരിയല്‍ താരം രശ്മി അനില്‍ എഫ്എം റേഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. റേഡിയോ ആപ്പിന്റെ ഉദ്ഘാടനം യു. പ്രതിഭ എംഎല്‍എയും റേഡിയോ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം രൂപത പ്രൊക്യൂറേറ്റര്‍ ഫാ. റോബര്‍ട്ട് പാലവിളയിലും നിര്‍വഹിക്കും. ചേതന എഫ്എം ഡയറക്ടര്‍ ഫാ. ജെയിന് തെങ്ങുവിളയില്‍ സ്വാഗതം ആശംസിക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന ഇന്‍ഫാം കര്‍ഷക സംഗമം ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യും. കറ്റാനം വൈദിക ജില്ലാ വികാരി ഫാ. ജോസ് വെണ്മലോട്ട് അധ്യക്ഷത വഹിക്കും.
ജില്ലാ കാര്‍ഷിക കമ്മിറ്റി രൂപീകരണം, ഹരിതം സീസണ് ഷോപ്പിന്റെ ഉദ്ഘാടനം എന്നിവയും നടക്കും. ചേതന ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് പ്ലാവറകുന്നില്, ഇന്‍ഫാം സംസ്ഥാനസമിതി ചെയര്മാന് ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ചേതന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് ജമ്മത്തുകളത്തില് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കായംകുളത്തിന്റെ ശബ്ദമാകാന്‍ ചേതന എഫ്എം
കായംകുളം പ്രദേശത്തും സമീപപ്രദേശങ്ങളിലും 22 കിലോമീറ്റര്‍ ചുറ്റളവ് ദൂരപരിധിയില്‍ രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയാണ് ആരംഭ ഘട്ടത്തില്‍ ചേതന എഫ്എം 90.8 സംപ്രേക്ഷണം ലഭ്യമാവുക. പ്രഭാത ചിന്തകള്‍, ബൂസ്റ്റര്‍ ചായ, എല്ലാ മതങ്ങളിലേയും ആത്മീയ ഗാനങ്ങള്‍ എന്നിവയ്ക്കൊപ്പം ആറ് റേഡിയോ ജോക്കിമാരുടെ വ്യത്യസ്ത പരിപാടികളും എഫ്എമ്മിലൂടെ കേള്‍ക്കാം.
കൂടാതെ പട്ടണത്തിലെ ട്രാഫിക് സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുത-റെയില്‍വേ അറിയിപ്പുകള്, കാര്‍ഷിക അറിവുകള്‍, പ്രാദേശിക ഉത്സവ വാര്‍ത്തകള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറും പരിപാടികളുമായി ശ്രോതാക്കളിലേക്ക് എത്താന്‍ വേണ്ട അത്യാധുനിക ശബ്ദ ക്രമീകരണങ്ങള്‍ എഫ്എം സ്റ്റുഡിയോയില്‍ ഒരുക്കിയിട്ടുണ്ടന്ന് ചേതന എഫ്എം ഡയറക്ടര്‍ ഫാ. ജെയിന് തെങ്ങുവിളയില്‍, ചേതന ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് പ്ലാവറകുന്നില് എന്നിവര്‍ പറഞ്ഞു.