ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ 14ന്
1590979
Friday, September 12, 2025 3:41 AM IST
ആറന്മുള: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ 14ന്. രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവൻ വള്ളസദ്യയും സമൂഹസദ്യയും ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടങ്ങളിലായി എത്തുന്ന കരക്കാരെ സ്വീകരിച്ച് 11.30ന് സദ്യയ്ക്കു തുടക്കമാകും.
അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുന്നതിനാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഇതിനായി ഇന്ന് രാവിലെ ഒന്പതിനും 9.45നും മധ്യേ ക്ഷേത്രത്തിലെ ഊട്ടുപുരയിലെ അടുപ്പിൽ അഗ്നിപകരും.
അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വള്ളസദ്യക്കുള്ള വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 51 പറ അരിയുടെ ചോറാണ് തയാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് മറ്റ് ഭക്തജനങ്ങൾക്കുമാണ് സദ്യ വിളമ്പുന്നത്. ഏതാണ്ട് 500 ഓളം പേരാണ് ഇതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇടശേരിമല തിരുവന്പാടി കിഴക്കേമലയിൽ സന്തോഷ് നായർ എന്ന ഭക്തനാണ് 501 പറ അരി സംഭാവനയായി നൽകിയത്.
ഭക്തജനങ്ങൾക്ക് സംഭാവന നൽകുന്നതിന് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ചേർന്നു തയാറാക്കിയിട്ടുള്ള ടിക്കറ്റുകൾ ലഭ്യമാണ്. 10,000, 5,000, 2,000, 1,000 എന്നീ ക്രമത്തിലുള്ള ടിക്കറ്റുകളാണ് തയാറാക്കിയിട്ടുള്ളത്. ആറന്മുള ദേവസ്വം ഓഫീസിലും ആനക്കൊട്ടിൽ പ്രത്യേക കൗണ്ടറിലും പള്ളിയോട സേവാസംഘം ഓഫീസിലും ടിക്കറ്റുകൾ ലഭ്യമാണ്. സംഭാവന നൽകുന്നവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിച്ചിട്ടുള്ളത്. കരയിലെ വിശിഷ്ട വ്യക്തികൾക്ക് വിനായക ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി സദ്യ നൽകും.
സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ നാളെ രാവിലെ പത്തിന് ആറന്മുള ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിക്കും. അമ്പലപ്പുഴ അരവിന്ദാക്ഷൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പുഴ പാൽപ്പായസവും ക്ഷേത്രത്തിലെ മറ്റ് അഷ്ടമിരോഹിണി വിഭവങ്ങൾ ചെറുകോൽ ഹരിചന്ദ്രൻ നായരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന സദ്യ ആറന്മുള അനീഷ് ചന്ദ്രനുമാണ് പാകം ചെയ്യുന്നത്.
25 ലക്ഷം രൂപ ചെലവിട്ടാണ് ഇക്കുറി അഷ്ടമിരോഹിണി സദ്യ ഒരുക്കുന്നത്. അഷ്ടമിരോഹിണി നാളിൽ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും അലങ്കാരങ്ങളും ഉണ്ടാകും. ഒരു സ്ഥലത്ത് ഇത്രയധികം ആളുകൾ ഒരുമിച്ചിരുന്ന് സദ്യ വിഭവങ്ങൾ ആസ്വദിക്കുന്നത് ലോകത്തിൽ ആറന്മുള മാത്രമാണ്.
അഷ്ടമിരോഹിണി വള്ളസദ്യക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണസമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ക്യാപ്റ്റൻ രവീന്ദ്രൻ നായർ ഭക്തജന പ്രതിനിധിയായും ശശികണ്ണങ്കേരിൽ ഉപദേശക സമിതി പ്രതിനിധിയായും ദേവസ്വം പ്രതിനിധികളായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. രേവതി, അസിസ്റ്റന്റ് കമ്മീഷണർ എസ്. ശ്രീലേഖ, പള്ളിയോടസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, പ്രസിഡന്റ് കെ.വി. സാംബദേവൻ എന്നിവർ അംഗങ്ങളാണ്.