കോന്നി കരിയാട്ടം: ടൂറിസം, വ്യാപാര മേഖലകളില്‍ പുത്തനുണര്വേകിയെന്ന് എംഎല്‍എ
1590718
Thursday, September 11, 2025 5:55 AM IST
കോന്നി: പത്തുദിവസത്തോളം നീണ്ടുനിന്ന കരിയാട്ടം മേള ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളില്‍ വലിയ മുന്നേറ്റത്തിന് കാരണമായതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കരിയാട്ടത്തില്‍ പങ്കെടുക്കാന്‍ 10 ദിവസമായി കോന്നിയിലെത്തിയത് ലക്ഷത്തിലധികം ആളുകളാണ്.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കരിയാട്ടത്തിന്റെ ഭാഗമായി.
കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ വരുമാന വര്‍ധനയ്ക്ക് ഇതു കാരണമായിട്ടുണ്ട്. കോന്നിക്ക് പുറത്തു നിന്നും ധാരാളം ആളുകള്‍ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അടവിയില്‍ നടത്തിയ കുട്ടവഞ്ചി തുഴച്ചില്‍ മത്സരം സംസ്ഥാനത്താകെ ശ്രദ്ധ നേടി. ഇതിലൂടെ അടവിയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരും.
സീതത്തോട്ടിലെ കക്കാട്ടാറില്‍ നടന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സര വിജയത്തോടെ അവിടം കയാക്കിംഗിന്റെ സ്ഥിരം വേദിയാക്കി മാറ്റാനാണ് അഡ്വഞ്ചര്‍ ടൂറിസം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ രണ്ട് വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അഡ്വഞ്ചര്‍ ടൂറിസവും സ്പോട്സും ഇഷ്ടപ്പെടുന്നവര്‍ വരും നാളുകളില്‍ കോന്നിയിലെത്തുമെന്നതില് യാതൊരു സംശയവുമില്ല.
ലക്ഷത്തിലധികം ആളുകളെത്തിയിട്ടും അച്ചടക്കത്തോടെയും അപകടരഹിതമായും കരിയാട്ടം നടത്താന്‍ കഴിഞ്ഞു എന്നത് സംഘാടക സമിതിയുടെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണെന്നും എംഎല്‍എ പറഞ്ഞു.