അറയാഞ്ഞിലിമണ്‍, കുരുന്പൻമൂഴി പാലങ്ങൾ സമയബന്ധിതമായി തീർക്കും: മന്ത്രി
1590972
Friday, September 12, 2025 3:32 AM IST
റാന്നി: പമ്പാനദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മലയോരമേഖലയായ ഒറ്റപ്പെട്ടുപോകുന്ന അറയാഞ്ഞിലിമൺ പ്രദേശത്തിനു പുതിയ പാലം നിര്‍മാണത്തിലൂടെ പരിഹാരമാകുമെന്ന് മന്ത്രി ഒ. ആർ. കേളു.
അറയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നുമന്ത്രി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. റോഡ്, സ്കൂൾ, ആശുപത്രി തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ദിശാബോധത്തോടെ ഇടപെട്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനപാതയില്‍ അതിവേഗം മുന്നോട്ട് നയിച്ചതായി മന്ത്രി പറഞ്ഞു.
പെരുനാട്ടിലെ അറയാഞ്ഞിലിമൺ, കിസുമം ഉന്നതികള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ വീതം അനുവദിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രമോദ് നാരായൺ എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന് മുഖ്യാതിഥിയായി. പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചാത്തൻതറ: വികസനം എല്ലാ ജനങ്ങള്‍ക്കും ഒരേപോലെ ലഭ്യമാകണമെന്ന് മന്ത്രി ഒ. ആർ. കേളു. കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം കുരുമ്പന്‍മൂഴി ഉന്നതിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വികസനം എത്തണം. പട്ടികജാതി പട്ടികവർഗവിഭാഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, അംഗം മാത്യു കാനാട്ട്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആർ.ജയന്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി.രാജപ്പൻ, ഊരു മൂപ്പന് പൊടിയന് കുഞ്ഞുകുഞ്ഞ്, കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജര്‍ ഷാല്‍ബി തുടങ്ങിയവർ പ്രസംഗിച്ചു.