പുനരൈക്യ വാർഷികാഘോഷം; പത്തനംതിട്ട രൂപതയിൽ 14ന് അനുസ്മരണ ശുശ്രൂഷ
1590967
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ 16 മുതൽ 20 വരെ അടൂർ ഓൾ സെയ്ന്റ്സ് സ്കൂളിൽ നടക്കുന്ന 95 - ാമത് പുനരൈക്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി 14ന് പത്തനംതിട്ടയിലെ ദേവാലയങ്ങളിൽ അനുസ്മരണ ശുശ്രൂഷകൾ നടക്കും.
പത്തനംതിട്ട രൂപതയിലെ സീതത്തോട്, റാന്നി-പെരുനാട്, കോന്നി, പത്തനംതിട്ട, പന്തളം എന്നീ വൈദികജില്ലകളിലായി 100 പള്ളികളിലും ഇടവക തലത്തിലുള്ള പുനരൈക്യ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 14 ന് കുർബാനയും തുടർന്ന് അനുസ്മരണവും നടത്തും.
മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കൊപ്പം ആദ്യം പുനരൈക്യപ്പെട്ട അഞ്ചു പേരിൽ ഒരാളായ ഫാ. ജോൺ കുഴിനാപ്പുറത്തിന്റെ മാതൃ ഇടവകയായ ചീക്കനാൽ സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിച്ച് അനുസ്മരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രയാണങ്ങൾ 16ന് അടൂരിൽ സംഗമിക്കും
പുനരൈക്യ വാർഷികത്തോടും സഭാ സംഗമത്തോടും അനുബന്ധിച്ച് വിവിധ രൂപതകളിൽ നിന്നും വൈദിക ജില്ലകളിൽ നിന്നുമുള്ള പ്രയാണങ്ങൾ 16നു വൈകുന്നേരം 4.30ന് അടൂരിൽ സംഗമിക്കും.
തിരുവനന്തപുരം മേജർ അതിരൂപതയുടെ നേതൃത്വത്തിൽ പട്ടം കബറിങ്കൽ നിന്നും ദീപശിഖയും തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്ന് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും മാവേലിക്കര രൂപതയുടെ നേതൃത്വത്തിൽ ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തിൽ നിന്നും ഛായാചിത്രവും -
പത്തനംതിട്ട രൂപതയിലെ പെരുനാട് മാന്പാറ ദേവാലയത്തിൽ നിന്നും മറ്റു വൈദികജില്ലകളിൽ നിന്നും ബൈബിൾ, വള്ളിക്കുരിശ്, ഛായാചിത്രം, കാതോലിക്കാ പതാക എന്നിവ അടൂർ തിരുഹൃദയ ദേവാലയത്തിൽ സംഗമിക്കും. അവിടെനിന്നും സംയുക്ത പ്രയാണം കണ്ണങ്കോട്, ആനന്ദപ്പള്ളി വഴി സമ്മേളന നഗറിലേക്ക് നീങ്ങും. സമ്മേളന നഗറിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തും.