സഫ്രഗൻ മെത്രാപ്പോലീത്തയുടെ ജന്മദിന സമ്മാനം: ഗോത്രവർഗ സമൂഹത്തിന് വീടുകൾ നിർമിക്കും
1590191
Tuesday, September 9, 2025 3:10 AM IST
റാന്നി: മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ഗോത്രവർഗ സമൂഹത്തിന് ഭവനങ്ങൾ നിർമിച്ചു നൽകും. ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് എഴുപത്തിയഞ്ച് വയസ് തികയുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കനവ് പാർപ്പിട പദ്ധതിയിലൂടെയാണ് ഈ വീടുകൾ നിർമിക്കുന്നത്. ളാഹ ഡിവിഷനിൽ മഞ്ഞത്തോട് ട്രൈബൽ കോളനിയിലാണ് അഞ്ച് വീടുകളും വിദ്യാർഥികൾക്കായി പഠനം കേന്ദ്രവും നിർമിക്കുന്നത്.
ഭവനനിർമാണ പദ്ധതിയുടെ ശിലാസ്ഥാപനം ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, പഞ്ചായത്ത് മെംബർ മഞ്ജു പ്രമോദ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.മുകേഷ്, രാജു മൂപ്പൻ, റിബു തോമസ്,
ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, കോശി തര്യൻ, മനോജ് ജോർജ്, റവ.അജി വർഗീസ്, റവ.അരുൺ തോമസ് , അലക്സാണ്ടർ വർഗീസ്, അനോ ഡേവിഡ് തോമസ് എന്നിവർ പ്രസംഗിച്ചു. റവ സി.കെ. കൊച്ചുമോൻ, റവ.റിജോ മാത്യു ജോയി, ജെറി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വസ്ത്ര വിതരണവും നടന്നു.
കനവ് പാർപ്പിട പദ്ധതിയുടെ ഭാഗമായി സഭയിൽ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ കഴിയുന്ന അമ്പത് പേർക്ക് ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സഹായം നൽകുന്നതാണന്ന് ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിലും ട്രഷറർ അനു ഫിലിപ്പും അറിയിച്ചു.
ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബാന നടന്നു. ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം തുടങ്ങിയവർ പങ്കെടുത്തു.