മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള സംവിധാനങ്ങൾ അത്യന്താപേക്ഷിതം: മാർ ബർണബാസ്
1590727
Thursday, September 11, 2025 5:55 AM IST
റാന്നി: മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സംവിധാനങ്ങൾ അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത.
റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിന്റെ ചുമതലയിൽ അഞ്ചുകുഴിയിൽ പ്രവർത്തിക്കുന്ന പ്രത്യാശാ ഭവന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, പ്രത്യാശാ ഭവൻ ഡയറക്ടർ റവ.വർഗീസ് കെ. മാത്യു, റവ.ജോതിഷ് സാം, പി.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.
ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ മനസിൽ രൂപംകൊണ്ട ആശയമാണ് മാനസികാരോഗ്യത്തിൽ നിന്നും മുക്തമായവരുടെ പുനരധിവാസം എന്നത്.
2000 ഓഗസ്റ്റ് 24 ന് മലയാലപ്പുഴയിൽ നവജീവൻ കേന്ദ്രത്തോടു ചേർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയ പത്ത് രോഗ വിമുക്തരെ സ്വീകരിച്ചു പ്രവർത്തനം ആരംഭിച്ചു. തുടർന്ന് അഞ്ചുകുഴിയിൽ വസ്തു വാങ്ങുകയും 2002 നവംബർ ഒന്നിന് കെട്ടിടം പണികൾ പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഡോ.യൂയാക്കിം മാർ കൂറിലോസ്, റവ.ജോർജ് ഏബ്രഹാം, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
തുടർന്ന് ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം ഏറ്റെടുത്തു. റവ.ജോൺ മാത്യു, റവ.ഡോ.കെ.ശലോമോൻ, റവ.വി.എസ്. ജോൺ, റവ.പി.എം.വർഗീസ്, ഡോ.കെ.കെ.ജോൺസൺ, കെ.എം. മാത്യു തുടങ്ങിയവർ പ്രാരംഭ കാലങ്ങളിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശിതി പ്രോജക്റ്റിന്റെ ഭാഗമായി ആരംഭിച്ച ഈ സ്ഥാപനം ഹാഫ് വേ ഹോം എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനസിക രോഗത്തിൽ നിന്നും സൗഖ്യം പ്രാപിച്ചിട്ടും സ്വന്തം ഭവനത്തിൽ എത്താൻ കഴിയാതെ പാതി വഴിയിൽ എത്തപ്പെട്ടവരുടെ പാർപ്പിടം ആയതിനാലാണ് ഹാഫ് വേ ഹോം എന്ന് പേരു നൽകിയത്.