സാമൂഹിക സേവനത്തിലൂടെ ശ്രദ്ധേയയായ ഷൈനി ടീച്ചർക്ക് സംസ്ഥാന പുരസ്കാരം
1590192
Tuesday, September 9, 2025 3:13 AM IST
പത്തനംതിട്ട: 2024-25 ലെ സംസ്ഥാനത്തെ മികച്ച അധ്യാപികയായി പൊതുവിദ്യാഭ്യാസ വകുപ്പ് പുരസ്കാരത്തിന് വടശേരിക്കര ടിടിടിഎംവിഎച്ച്എസ്എസിലെ ഷൈനി ജോസഫ് അർഹയായി. ജില്ലാ, സംസ്ഥാനതല സമിതിയുടെയും പാഠ്യ, പാഠ്യേതര രംഗങ്ങളിലെ പ്രവർത്തന മികവ് പരിഗണിച്ചും മാതൃക ക്ലാസ് അവതരണത്തിന്റെയും അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
അർപ്പണബോധത്തോടെ അധ്യാപനത്തെ സമീപിക്കുകയും കുട്ടികളുടെ സർവോമുഖമായ വികസത്തിന് അവസരം ഒരുക്കുകയും അധ്യാപനത്തിന്റെ നൂതന സാങ്കേതങ്ങളെ പ്രയോഗവത്കരിച്ചു ഗുണമേന്മ വർധിപ്പിക്കുകയും സാമൂഹിക പങ്കാളിത്തം വിദ്യാലയത്തിൽ ഉറപ്പ് വരുത്തുകയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലും കുട്ടികൾക്കുള്ള ഭവന നിർമാണ പുനർ നിർമാണ പ്രവർത്തനങ്ങളെ വിലയിരുത്തിയുമാണ് ഷൈനി ജോസഫിനെ തേടി പുരസ്കാരം എത്തിയത്.
2023 -24 ലെ സംസ്ഥാനത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് സ്കൂളിനും സംസ്ഥാനത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ടീച്ചറിന്റെ പ്രവർത്തനത്തിലൂടെ നേടിയെടുക്കാൻ സാധിച്ചു. അതോടൊപ്പം 2022-23 വർഷത്തെ ജില്ലാതലത്തിൽ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡും കൂട്ടായ പ്രവർത്തനത്തിലൂടെ നേടിയെടുത്തു.
സെൻട്രൽ ബാങ്ക് റിട്ട. മാനേജർ ചേന്നാട്ട് ഇമ്മാനുവേൽ മാത്യുവാണ് ഷൈനി ജോസഫിന്റെ ഭർത്താവ്. മൂത്തമകൻ അലൻ ഷൈൻ മാനുവൽ എംടെക് പൂർത്തിയാക്കി ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നു. രണ്ടാമത്തെ മകൻ ബ്രയിൻ ഷൈൻ മാനുവൽ പാലാ സെന്റ് തോമസ് കോളജിൽ എംഎസ് സി ഫിസിക്സ് രണ്ടാം വിദ്യാർഥിയാണ്.