പോലീസിലെ ക്രിമിനൽവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരം: ആന്റോ ആന്റണി
1590728
Thursday, September 11, 2025 5:55 AM IST
പത്തനംതിട്ട: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളാ പോലീസിനെ ക്രിമനല്വത്കരിച്ചു എന്നതാണ് പിണറായി ഗവണ്മെന്റിന്റെ നേട്ടമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സേനയില്‍ ഉണ്ടാക്കുമെന്നും കെപിസിസി രാഷ്ട്രീയകാര്യസമതി അംഗം ആന്റോ ആന്റണി എംപി.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സുജിത് എന്ന കോണ്‍ഗ്രസ് നേതാവിനെ തല്ലിചതച്ച പോലീസുകാരെയും കേരളാ പോലീസിലെ ക്രിമിനലുകളെയും സർവീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രധിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അവരുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു.
തെറ്റ് കണ്ടാല്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കേണ്ട രാഷ്ട്രീയ, ഭരണ നേതൃത്വം ഈ കിരാത നടപടികളെ പ്രോത്സാഹിപ്പിക്കുന്നതുവഴി പോലീസ് സേനയിലെ വലിയൊരു വിഭാഗം സാഡിസ്റ്റുകളായ മനോരോഗികളായി മാറിയിരിക്കുന്നു.
മനോരോഗ വിദഗ്ധരെക്കൊണ്ട് കേരളാ പോലീസിനെ ചികില്‍സിക്കേണ്ട അവസ്ഥയിലെത്തിച്ചു എന്നതാണ് പിണറായി വിജയന്റെ ഭരണ നേട്ടമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. കോണ്‍ഗ്രസ് പത്തനംതിട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ജയവര്‍മ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി, സജി കൊട്ടക്കാട്, എം.സി. ഷെറീഫ്, റോഷന് നായർ, റോജിപോള്‍ ദാനിയേല്‍, സിന്ധു അനിൽ, കെ.ജി. അനിത, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റുമാരായ ജി. ജോൺ, നാസര്‍ തോണ്ടമണ്ണില്‍, കെ.പി. മുകുന്ദൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, നേതാക്കളായ സജി കെ. സൈമൺ, കെ.ജി. റെജി, നഹാസ് പത്തനംതിട്ട, അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാൽ, അജിത് മണ്ണില്‍, അഫ്സല് പത്തനംതിട്ട, അഖില്‍ അഴൂർ, അന്‍സര്‍ മുഹമ്മദ്, സജി അലക്സാണ്ടർ, ദിനേശ് വെട്ടിപ്പുറം, ജോണ്സണ് ഇലന്തൂര്‍, സജിനി മോഹൻ, ഏബല്‍ മാത്യു, വിന്‍സന്റ് ചിറക്കാല, അബ്ദുള്‍ ഷുക്കൂര്‍ തുടങ്ങിയവർ പ്രസംഗിച്ചു.