മോഷണക്കേസിൽ അറസ്റ്റിലായി
1590455
Wednesday, September 10, 2025 3:35 AM IST
പന്തളം: വീട്ടുവളപ്പിൽ നിന്നും സൈക്കിളും പണവും മോഷ്ടിച്ച കേസിൽ ഒരാളെ പന്തളം പോലീസ് പിടികൂടി. കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള അൻസാർ (43) ആണ് അറസ്റ്റിലായത്.
പന്തളം പൂഴിക്കാട് ശാസ്താംവിള തൊപ്പിന്റെ പടീറ്റതിൽ വീട്ടിൽ ബഷീർ റാവുത്തറുടെ 15,000 രൂപ വില വരുന്ന ഹീറോ സൈക്കിളും വീടിന്റെ സിറ്റൗട്ടിലെ സ്റ്റീൽ കൈവരിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 3,800 രൂപയും അപഹരിച്ച കേസിലാണ് അറസ്റ്റ്.
ഏഴിനു പുലർച്ചെ 12.15നാണ് സംഭവം. പരാതിയേത്തുടർന്ന് എഎസ്ഐ സുരേഷ് കുമാർ മൊഴി രേഖപ്പെടുത്തി, എസ്ഐ പി. മനോജ്കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഇൻസ്പെക്ടർ ടി. ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും പ്രതിയ്ക്കായി തെരച്ചിൽ നടത്തി വരവേ ഏഴിന് രാത്രി എട്ടിനു പന്തളം പാലത്തടത്തു നിന്നും പ്രതിയെ മോഷ്ടിച്ച സൈക്കിളുമായി കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.