ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോർഡ് പ്രസിഡന്റ് പന്തളം കൊട്ടാരത്തിൽ
1590717
Thursday, September 11, 2025 5:55 AM IST
പന്തളം: ആഗോള അയ്യപ്പസംഗമത്തിലേക്ക് പന്തളം കൊട്ടാരത്തെ നേരിട്ടെത്തി ക്ഷണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദേവസ്വം ബോർഡംഗങ്ങളായ എ. അജികുമാർ.
പി.ഡി. സന്തോഷ് കുമാർ തുടങ്ങിയവർക്കൊപ്പം ഇന്നലെ രാവിലെ 7.30ന് കൊട്ടാരത്തിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം പന്തളം കൊട്ടാരം നിർവാഹകസംഘം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് കൊട്ടാരം പ്രതിനിധികൾ ആവശ്യപ്പെട്ടു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് സ്വീകരിക്കുമെന്നായിരുന്നു പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമയുടെ പ്രതികരണം. അറിയിച്ചു. വലിയതമ്പുരാന്റെ നിർദേശമനുസരിച്ചായിരിക്കും തീരുമാനം. അയ്യപ്പസംഗമത്തിലേക്ക് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളുമെത്തി ക്ഷണിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തീരുമാനമറിയിക്കും. ശബരിമല കർമസമിതി നടത്തുന്ന സംഗമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികരിച്ചു. കൊട്ടാരവും ബോർഡും തമ്മിൽ നല്ല ബന്ധമാണ്. അത് ഇനിയും തുടരും. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൊട്ടാരം പൂർണമായ പിന്തുണ നൽകുന്നുണ്ട്. മറ്റ് കാര്യങ്ങൾ അവർ ആലോചിച്ച് അറിയിക്കും. ശബരിമലയുടെ അടിസ്ഥാന വികസനമാണ് അയ്യപ്പ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല. വിശ്വാസികൾക്ക് പങ്കെടുക്കാം.
ബോർഡിന്റെയും സർക്കാരിന്റെയും കൊട്ടാരത്തിന്റെയും ലക്ഷ്യം ശബരിമല വികസനമാണ്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് ഒടുവിൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലം ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ്. കൃത്യമായ ആചാരങ്ങൾ പാലിച്ചുതന്നെയാണ് ശബരിമലയിലെ പ്രവർത്തനങ്ങൾ. 70 ദിവസം നീളുന്ന തീർഥാടനം ഭംഗിയായി നടത്താൻ സർക്കാറിന്റെ പിന്തുണ വേണം.
ശബരിമല മാസ്റ്റർ പ്ലാൻ, തിരക്ക് നിയന്ത്രണത്തിനുള്ള ആധുനിക മാർഗങ്ങൾ, തീർഥാടകർക്കുള്ള സൗകര്യമൊരുക്കൽ എന്നിവയാണ് സംഗമത്തിലെ പ്രധാന ചർച്ചകൾ. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയലക്ഷ്യവുമില്ല. ഭക്തർക്ക് പരമാവധി സൗകര്യമൊരുക്കുക മാത്രമാണ് ല്ഷ്യം. സംഗമത്തിന്റെ നടത്തിപ്പിനായി സ്പോൺസർഷിപ്പ് വഴിയോ സിഎസ്ആർ ഫണ്ടുവഴിയോ പണം സ്വരൂപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.