ജില്ലയിൽനിന്ന് പരിഗണനയിൽ ഒൻപത് പച്ചത്തുരുത്തുകൾ
1590456
Wednesday, September 10, 2025 4:14 AM IST
പത്തനംതിട്ട: മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാര നിർണയത്തിനുള്ള
സ്ക്രീനിംഗ് ഇന്നാരംഭിക്കുന്പോൾ ജില്ലയിൽനിന്നു പരിഗണനയിലുള്ളത് ഒന്‍പത് പച്ചത്തുരുത്തുകൾ. തദ്ദേശ സ്ഥാപനതലത്തിൽ തുമ്പമൺ കുടമാങ്കൽ പച്ചത്തുരുത്ത്, കൊടുമൺ മുല്ലോട്ടുഡാം പച്ചത്തുരുത്ത്, ചെന്നീർക്കര ചെന്തിട്ട പച്ചത്തുരുത്ത് എന്നിവയാണ് ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വന്നത്.
വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തുകളായി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം ചെന്നീർക്കര, പ്രമാടം ഗ്രാമപഞ്ചായത്തിലെ വി. കോട്ടയം ഗവ. എൽപി സ്കൂൾ, നെടുന്പ്രം പൊടിയാടി ഗവ.എൽപി സ്കൂൾ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ കലാലയങ്ങളിലെ പച്ചത്തുരുത്തുകളിൽ അടൂർ ഏഴംകുളം പഞ്ചായത്തിലെ എസ്എൻഐടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ജില്ലയിലെ മികച്ച മുളന്തുരുത്തായി കുറ്റൂർ ഗ്രാമപഞ്ചായത്തിലെ മതിരംപുഴഹരിത പച്ചത്തുരുത്തും മറ്റു സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മലയാലപ്പുഴ പഞ്ചായത്തിലെ ഗവ. ആയുർവേദാശുപത്രിയിലെ ഔഷധ പച്ചത്തുരുത്തും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനമൊട്ടാകെ 1,272.89 ഏക്കറിലായി നിലവിലുള്ള 4,030 പച്ചത്തുരുത്തുകളില്‍ ജില്ലാ തലത്തില്‍ നടന്ന വിലയിരുത്തലുകളില്‍ മുന്നിലെത്തിയ പച്ചത്തുരുത്തുകള്‍ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നില്‍ ഇന്നു തിരുവനന്തപുരത്താണ് നടക്കുന്നത്.
സംസ്ഥാനതലത്തില്‍ മികച്ചവയായി തെരഞ്ഞെടുക്കപ്പെടുന്നവയ്ക്കും ജില്ലാതല പുരസ്കാര ജേതാക്കള്‍ക്കും 16 ന് തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.