അബാൻ റോഡ് അടച്ചു, നഗരം കുരുങ്ങി
1590974
Friday, September 12, 2025 3:41 AM IST
മാർഗനിർദേശമില്ലാതെ വഴി അടയ്ക്കൽ
പത്തനംതിട്ട: അബാൻ മേൽപാലം നിർമാണത്തിനായി ബസ് സ്റ്റാൻഡിൽനിന്നുള്ള റോഡ് കൂടി അടച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നേരത്തേഅബാൻ ജംഗ്ഷൻ - സ്റ്റേഡിയം റോഡ് അടച്ചിരുന്നു.
നഗരത്തിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ളവയുടെ യാത്ര നിയന്ത്രിച്ചാണ് ഇന്നലെ മുതൽ ബസ് സ്റ്റാൻഡ് റോഡിലൂടെയുള്ള യാത്രയും നിർത്തിവയ്പിച്ചത്. ഇതോടെ മുഴുവൻ ബസുകളുടെയും യാത്ര സെൻട്രൽ ജംഗ്ഷനിലൂടെയായി. സെൻട്രൽ ജംഗ്ഷനിലും പോസ്റ്റ് ഓഫീസ് റോഡിലും കുരുക്ക് രൂക്ഷമായി. കുന്പഴയിൽനിന്നുള്ള ബസുകൾ മൈലപ്ര പള്ളിപ്പടി വഴിയും തിരികെയും കടത്തിവിട്ടതോടെ ആ ഭാഗത്തും കുരുക്കായി.
സുഗമമായി വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്ന മൈലപ്ര പള്ളിപ്പടി റോഡിലും ഗതാഗതക്കുരുക്കുണ്ടായി. റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുന്നതും യാത്രയെ ബാധിച്ചിട്ടുണ്ട്. ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശം ഉണ്ടായിരുന്നില്ല.
യോഗം കൂടിയില്ല
നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുന്‍പ് നഗരസഭയും ഗതാഗത ഉപദേശകസമിതിയും ചേർന്നു ചർച്ച ചെയ്യണമെന്നു നേരത്തേ വ്യാപാരികൾ ജില്ലാ കളക്ടർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. വേണ്ടതു ചെയ്യുമെന്നു കളക്ടർ ഉറപ്പു നൽകുകയും ചെയ്തതാണ്. എന്നാൽ, ഇന്നലെ നിർദേശം വന്നപ്പോൾ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനം അറിയിക്കുകയായിരുന്നു.
ദീർഘദൂര ബസുകളുൾപ്പെടെയുള്ളവ ഇതു കാരണം കുരുക്കിലായി. പിഎം റോഡ് വഴി കടന്നുപോകുന്ന ബസുകൾ കുന്പഴയിൽനിന്നു തിരിഞ്ഞ് പത്തനംതിട്ടയിലെത്തിയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ, അബാനിലെ തടസം കാരണം ഇവ പള്ളിപ്പടി വഴി പത്തനംതിട്ടയിലെത്താനാണ് നിർദേശം.
വീണ്ടും ഇതേ പാതയിലൂടെ പള്ളിപ്പടിയിലെത്തി വേണം യാത്ര തുടരാൻ. അബാൻ ജംഗ്ഷനിലൂടെ പൊയ്ക്കൊണ്ടിരുന്ന മുഴുവൻ ബസുകളും സെൻട്രൽ ജംഗ്ഷൻ വഴി കടത്തിവിട്ടതും അശാസ്ത്രീയമായിട്ടാണ്. തിരുവല്ല ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകളും ദീർഘദൂര ബസുകളും ഇതുവഴി തന്നെയാണ് പോകുന്നത്. റിംഗ് റോഡിലൂടെ കുറെ ബസുകൾ കടത്തിവിടണമെന്ന നിർദേശം ഉയർന്നിരുന്നു.
ഭീഷണിയായി സ്ലാബ് തകർന്ന ഓടകൾ
പത്തനംതിട്ട: നഗരത്തിലെ ഓടകള്‍ക്കു മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകളുടെ ശോച്യാവസ്ഥ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരേപോലെ ഭീഷണിയായി. പ്രധാന നിരത്തുകളിലെ സ്ലാബുകള്‍ പോലും തകര്‍ച്ചയിലാണ്. ഇന്നലെ രാവിലെ പത്തനംതിട്ട കോളജ് ജംഗ്ഷനില്‍ റോഡരികിലെ സ്ലാബ് തകര്‍ന്ന് ബസ് അപകടത്തില്‍പ്പെട്ടു.
അടൂരില്‍നിന്നു പത്തനംതിട്ടയിലേക്കും വന്ന സ്വകാര്യ ബസാണ് സ്ലാബ് തകര്‍ന്ന് ഓടയില്‍ താഴ്ന്നത്. മറ്റൊരു ബസിനു സൈഡ് കൊടുക്കവേ ഓടയുടെ മുകളിലേക്കു കയറ്റി നിര്‍ത്തി യാത്രക്കാരെ ഇറക്കുമ്പോഴാണ് സ്ലാബ് തകര്‍ന്നത്. സദാസമയവും തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്.
ഈ ഭാഗത്തെ ഓടയുടെ സ്ലാബുകള്‍ മുഴുവന്‍ തകര്‍ന്ന നിലയിലാണ്. കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്ക്കുന്ന ഭാഗത്തെ ഓടയുടെ സ്ലാബുകള്‍ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. സ്ലാബിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
നഗരത്തില്‍ ആശുപത്രി ജംഗ്ഷന്, പഴയ സ്റ്റാന്‍ഡിലേക്കുള്ള വഴി എന്നിവിടങ്ങളിലും സ്ലാബുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. കെഎസ്ആര്‍ടിസി ക്രോസ് റോഡ്, ജനറല്‍ ആശുപത്രിയിലേക്കുള്ള ഡോക്ടേഴ്സ് ലെയ്ന്‍ റോഡ് എന്നിവിടങ്ങളിലും സ്ലാബ് തകര്‍ച്ച കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാണ്.