വള്ളിക്കോട് മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
1590724
Thursday, September 11, 2025 5:55 AM IST
കോന്നി: വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തിമുരുപ്പ് ഉന്നതിയിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയും അംബേദ്കർ ഗ്രാമം പദ്ധതിയും ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും.
കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി വള്ളിക്കോട് പഞ്ചായത്തിൽ സംസ്ഥാന സർക്കാർ പട്ടികജാതി കോർപസ് ഫണ്ട് 1.62 കോടി രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച മൂർത്തി മുരുപ്പ് കുടിവെള്ള പദ്ധതിയുടെയും ഒരു കോടി അനുവദിച്ചു നിർമാണം പൂർത്തീകരിച്ച അംബേദ്കർ ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.
കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. വള്ളിക്കോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ മൂർത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വകുപ്പ് മന്ത്രിക്ക് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി കോർപസ് ഫണ്ടിൽ നിന്നും 1.68 കോടി രൂപ അനുവദിച്ചാണ് ജല അഥോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. അച്ചൻകോവിലാറ്റിലെ താഴൂർക്കടവ് ഇൻ ടെക് പമ്പ് ഹൗസിൽ നിന്നു 30 എച്ച്പി മോട്ടോർ സ്ഥാപിച്ച് വെള്ളം ഉയർന്ന പ്രദേശമായ മൂർത്തിമുരുപ്പിലെ ഉന്നതിയിലെ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി .