വിജ്ഞാനകേരളത്തിലൂടെ പത്തനംതിട്ട വഴികാട്ടി: മന്ത്രി എം.ബി. രാജേഷ്
1590722
Thursday, September 11, 2025 5:55 AM IST
അടൂർ: വിജ്ഞാന കേരളം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി മന്ത്രി എം. ബി. രാജേഷ്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനം അടൂർ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാനകേരളം പരീക്ഷണത്തിന്റെ തുടക്കം വിജ്ഞാന പത്തനംതിട്ടയാണ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിജ്ഞാനകേരളം, ജില്ലാ ഭരണകൂടം എന്നിവയുടെ എകോപനത്തിലൂടെ 5286 പേർക്ക് തൊഴിൽ നൽകി. 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്തി.
പ്രാദേശിക തലത്തിൽ തൊഴിൽ നൽകാനായി വിജ്ഞാന കേരളത്തിലൂടെ മൈക്രോ, മെഗാ തൊഴിൽ മേളകളും സംഘടിപ്പിക്കുന്നു. അയൽക്കൂട്ടാടിസ്ഥാനത്തിൽ തൊഴിൽ കണ്ടെത്തി വിജ്ഞാനകേരളത്തിലൂടെ നൈപുണ്യ പരിശീലനം നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. തൊഴിൽ നൽകിയ സിഡിഎസുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. സേവനശ്രീ ലോഗോ പ്രകാശനം ജില്ലാ കളക്ടർ എസ്. ഹരികൃഷ്ണൻ നിർവഹിച്ചു. വിജ്ഞാന കേരളം അഡ്വൈസർ ഡോ. ടി. എം. തോമസ് ഐസക് പ്രാദേശിക തൊഴിൽ രേഖ പ്രകാശനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച സിഡിഎസ്, എഡിഎസ്, അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്, ജി ആർ സി, സംരംഭക ഗ്രൂപ്പ്, വ്യക്തിഗത സംരംഭക ഗ്രൂപ്പ്, ബഡ്സ്, ബി ആർ സി എന്നിവയുടെ അവാർഡ് ദാനവും ചടങ്ങിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, മെംബർ ജിജി മാത്യു, അടൂർ നഗരസഭ ചെയർപേഴ്സൺ കെ. മഹേഷ് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ബി. എസ്. അനീഷ് മോൻ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ പി. എസ്. മോഹനൻ, എസ്. രാജേന്ദ്രപ്രസാദ്, സുശീല കുഞ്ഞമ്മ കുറുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി. വി. അനുപമ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില, പന്തളം എംഇആർസി ചെയർപേഴ്സൺ രാജി പ്രസാദ്, അടൂർ എൽഐസി ഡെവലപ്മെന്റ് ഓഫീസർ സി. എസ്. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.