മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് നാല് ഏക്കര്‍ ഭൂമി ലഭ്യമാക്കും
1590971
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സ്ഥലം ഒരുക്കുമെന്ന് മന്ത്രി ഒ ആര് കേളു. മൂഴിയാറിലെ മലമ്പണ്ടാരം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കെഎസ്ഇബിയുടെ കൈവശമുള്ള വനം വകുപ്പിന്റെ നാല് ഏക്കര്‍ ഭൂമി ഇതിനായി വിനിയോഗിക്കും. പട്ടികവര്‍ഗ വകുപ്പും കെഎസ്ഇബിയും വനംവകുപ്പും ഇത് സംബന്ധിച്ച് കരാര്‍ തയാറാക്കും. വര്‍ഷങ്ങളായി വനാന്തരത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഉപജീവനവും അടിസ്ഥാന സൗകര്യവും വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ശബരിഗിരി പദ്ധതിയോടനുബന്ധിച്ച് കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. യോഗത്തിനു മുമ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. വനവകാശനിയമ പ്രകാരം 38 കുടുംബങ്ങള്‍ക്ക് ലഭിച്ച ഒരേക്കര്‍ ഭൂമിയും ഉടന്‍ കൈമാറും.
മൂഴിയാര്‍ കെഎസ്ഇബി ഇന്സ്പെക്ഷന് ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎൽഎ, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസഡന്റ് പി. ആര്. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.