ഡിവൈഎഫ്ഐ നേതാവിന്റെ മരണം; സിബിഐ അന്വേഷിക്കണമെന്ന് പഴകുളം മധു
1590970
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: ഡിവൈഎഫ്ഐ അടൂർ മേഖല സെക്രട്ടറി ആയിരുന്ന എം.ജെ. ജോയൽ മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്ന കുടുംബത്തിന്റെ പരാതി സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.
പാർട്ടി യുവജന സംഘടനയുടെ മേഖലാ സെക്രട്ടറിയെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം പറയുമ്പോൾ ഒരു അന്വേഷണം പോലും പാർട്ടി ആവശ്യപ്പെടാത്തത് ദുരൂഹമാണ്.പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒരു പാർട്ടി കുടുംബത്തിന് മകന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലയേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
പാർട്ടി നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണവും ഗൗരവകരമാണെന്ന് മധു പറഞ്ഞു. മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും ഇന്നും
പാർട്ടി സംരക്ഷണത്തിൽ പ്രധാന സ്ഥലങ്ങളിൽ ജോലി ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം സിബിഐയ്ക്കു വിട്ടെങ്കിൽ മാത്രമേ സത്യസന്ധമായ അന്വേഷണം സാധ്യമാകുകയുള്ളൂവെന്നും മധു അഭിപ്രായപ്പെട്ടു.